വിര്‍ജീനിയ: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടു. ആണവകേന്ദ്രങ്ങള്‍ക്ക് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചോ എന്നതിനെ കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലവിലുണ്ട്. എന്നാല്‍, അത്തരം വാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു ഇന്റലിജന്‍സ് വിവരവും ഇല്ലെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.
ദൗത്യം 37 മണിക്കൂറുകളാണ് നീണ്ടത്. സൂപ്പർ കംപ്യൂട്ടറുകളുടെ ഏറ്റവും വലിയ ഉപയോഗം ഈ ആക്രമണത്തിനു പിന്നിലുണ്ട്. അമേരിക്കന്‍ ചരിത്രത്തിലെ ‘ഏറ്റവും രഹസ്യവും സങ്കീര്‍ണ്ണവുമായ സൈനിക നടപടി’ ആണ് നടത്തിയതെന്ന് പെന്റഗണിലെ വാരാന്ത്യയോഗത്തില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. മിഷന്‍ നടപ്പാക്കിയതിലെ സങ്കീര്‍ണ്ണത ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ പങ്കുവെച്ചു.
ദൗത്യത്തില്‍ പങ്കെടുത്ത ബോംബിങ് സംഘത്തെക്കുറിച്ചുള്ള മുമ്പ് വെളിപ്പെടുത്താത്ത വിവരങ്ങള്‍ ജനറല്‍ കെയിന്‍ പങ്കുവെച്ചു. 37 മണിക്കൂര്‍ നീണ്ട ദൗത്യം നിര്‍വഹിച്ച സംഘത്തില്‍ ക്യാപ്റ്റന്‍ മുതല്‍ കേണല്‍ വരെയുള്ള പുരുഷന്മാരും സ്ത്രീകളും ഉൾപ്പെട്ടു. സംഘാംഗങ്ങളില്‍ ഭൂരിഭാഗവും നെവാഡയിലെ എയര്‍ഫോഴ്സ് വെപ്പണ്‍സ് സ്‌കൂളില്‍നിന്ന് ബിരുദം നേടിയവരായിരുന്നു.
‘വെള്ളിയാഴ്ച സംഘാംഗങ്ങള്‍ ജോലിക്ക് പോകുമ്പോള്‍, എപ്പോഴാണ് വീട്ടില്‍ തിരിച്ചെത്തുകയെന്ന് അറിയാതെ പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞു. ശനിയാഴ്ച രാത്രി വൈകിയാണ് എന്താണ് സംഭവിക്കുന്നതെന്ന് അവരുടെ കുടുംബങ്ങള്‍ അറിഞ്ഞത്.’ കെയിന്‍ പറഞ്ഞു.
ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍നിന്ന് ‘ഒന്നും മാറ്റിയിട്ടില്ലെന്ന് ട്രംപ് ഇപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ട്. ‘സ്ഥലത്തുണ്ടായിരുന്ന കാറുകളും ചെറിയ ട്രക്കുകളും ഷാഫ്റ്റുകളുടെ മുകള്‍ഭാഗം മൂടാന്‍ ശ്രമിക്കുന്ന കോണ്‍ക്രീറ്റ് തൊഴിലാളികളുടേതായിരുന്നു. കേന്ദ്രത്തില്‍നിന്ന് ഒന്നും മാറ്റിയിട്ടില്ല. ഇതിന് കൂടുതല്‍ സമയമെടുക്കും. വളരെ അപകടകരമാണത്. ഭാരമുള്ളതും മാറ്റാന്‍ പ്രയാസമുള്ളതുമാണ്.’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.
‘കാര്യങ്ങള്‍ കൃത്യമായിരുന്നു. ഞാന്‍ പരിശോധിച്ച ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും ഇങ്ങനെയൊരു പരാമര്‍ശമില്ല.’ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. യുഎസ് സൈനിക ബോംബര്‍ വിമാനങ്ങള്‍ മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ 30,000 പൗണ്ട് ഭാരമുള്ള പതിനഞ്ചോളം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചതായി പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ നടന്ന യുഎസ് വ്യോമാക്രമണത്തിന് മുന്നോടിയായി, ഇറാന്‍ ഫൊര്‍ദോ കേന്ദ്രത്തില്‍ നിന്ന് സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം മാറ്റിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ ആഴ്ച ആണവ വിദഗ്ധര്‍ പറഞ്ഞിരുന്നു. ആക്രമണത്തിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ ഫൊര്‍ദോയില്‍ ‘അസാധാരണമായ പ്രവര്‍ത്തനം’ നടന്നതായി മാക്സാര്‍ ടെക്നോളജീസില്‍നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കേന്ദ്രത്തിന് പുറത്ത് വാഹനങ്ങളുടെ നീണ്ട നിരയും കാണാമായിരുന്നു.
റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, 60% സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ ഭൂരിഭാഗവും ആക്രമണത്തിന് മുമ്പ് ഇറാന്‍ രഹസ്യസ്ഥലത്തേക്ക് മാറ്റിയിരുന്നു. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച്, സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരത്തിന്റെ ഭൂരിഭാഗവും കേടുകൂടാതെയിരിക്കുന്നു, കാരണം അത് ഫൊര്‍ദോയില്‍ ഉണ്ടായിരുന്നില്ല. ഇതിന് മറുപടിയായി, ഹെഗ്സെത്ത് പെന്റഗണ്‍ വാര്‍ത്താസമ്മേളനത്തില്‍ ഈ വാദങ്ങള്‍ തള്ളിക്കളയുകയും ആക്രമണങ്ങളുടെ വിജയം കുറച്ചുകാണിച്ചതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു.
ആക്രമണങ്ങള്‍ ഇറാനിലെ ആണവപദ്ധതി ഏതാനും മാസങ്ങള്‍ മാത്രം വൈകിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി (ഡിഐഎ) വിലയിരുത്തലിനെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇറാനിലെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഗുരുതരമായ നാശനഷ്ടം സംഭവിച്ചുവെന്നും അത് പുനര്‍നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും സൂചിപ്പിക്കുന്ന സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫിന്റെ പ്രസ്താവനകള്‍ ഉള്‍പ്പെടെയുള്ള പുതിയ ഇന്റലിജന്‍സ് രേഖകള്‍ ഹെഗ്സെത്ത് ചൂണ്ടിക്കാണിച്ചു.
എന്നാല്‍, വാര്‍ത്താ സമ്മേളനത്തിലുടനീളം സാങ്കേതിക വിശദാംശങ്ങളും ബങ്കര്‍ ബസ്റ്റിങ് ബോംബുകളുടെ ചരിത്രവുമാണ് ഹെഗ്സെത്ത് വിശദീകരിച്ചത്.