റിയാദ്: നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് നേടിയ മികച്ച വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് റിയാദില്‍ പ്രവാസി യു ഡി എഫ് പ്രവർത്തകർ വിജയാരവം സംഘടിപ്പിച്ചു. ബത്ഹയിലെ കെ എം സി സി ഓഫീസിലാണ് ഒ ഐ സി സിയുടെയും കെ എം സി സിയുടെയും മലപ്പുറം ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. വരുന്ന നിയമസഭ തെരെഞ്ഞെടുപ്പിന്റെ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലം എന്നും സംസ്ഥാന സർക്കാറിനെതിരെയുള്ള ജനങ്ങളുടെ എതിർപ്പാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭരണ വിരുദ്ധ വികാരം ജനങ്ങളിൽ പ്രകടമാണെന്നും ജനദ്രോഹ സർക്കാറിന്റെ നയങ്ങൾക്കേറ്റ കനത്ത പ്രഹരമാണ് നിലമ്പൂർ ഫലമെന്നും അദ്ദേഹം പറഞ്ഞു.
ജനവിധിയെ വർഗീയമാക്കാനും അവഹേളിക്കുവാനും ശ്രമിക്കുന്ന സി പി എം നിലപാട് അപഹാസ്യമാണ്. മലപ്പുറത്ത് തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാത്തവരെ തീവ്രവാദികളാക്കാനാണ് എക്കാലത്തും സി പി എം ശ്രമിക്കുന്നതെന്ന് സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.
മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് പ്രവർത്തകർ ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആഘോഷിച്ചത്.