‘ഈ പൊറോട്ട കണ്ടപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയതുപോലെ’- പാരിസിലെ ഇന്ത്യന്‍ രുചി പങ്കുവെച്ച് യുവാവ്

ഭക്ഷണപ്രിയരുടെ ഹൃദയം കീഴടക്കുന്നതാണ് മിക്ക ഇന്ത്യന്‍ വിഭവങ്ങളും. വിദേശത്ത് ഇന്ത്യന്‍ ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റുകളും എണ്ണവും ജനപ്രീതിയും വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. അവയില്‍ പലതും ഇന്ത്യന്‍ കുടിയേറ്റക്കാരോ ഇന്ത്യന്‍ വിനോദസഞ്ചാരികളോ ആണ് പതിവായി സന്ദര്‍ശിക്കുന്നതെങ്കിലും ഇന്ത്യയിലെ സമ്പന്നമായ പ്രാദേശിക വിഭവങ്ങള്‍ കണ്ടെത്താനും അവയെ സ്‌നേഹിക്കാനും വിദേശികള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നുണ്ട്. അടുത്തിടെ പാരിസിലെ തമിഴ് ശൈലിയിലുള്ള ഒരു റസ്റ്ററന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ജഗത് വിജയ് എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ റസ്റ്ററന്റിലെ തന്റെ ഭക്ഷണാനുഭവം ഒരു റീലായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. റസ്റ്ററിന്റെ പ്രവേശന കവാടത്തിന് സമീപം ഒരു ഗ്ലാസ് ജനല്‍ ഉണ്ടെന്നും ഇതിലൂടെ കടന്നുപോകുന്ന ആളുകള്‍ക്ക് പൊറോട്ടകള്‍ തയ്യാറാക്കുന്നത് കാണാന്‍ കഴിയുമെന്നും ജഗത് റീലില്‍ പറയുന്നു. ‘ഇത് കണ്ടപ്പോള്‍ നമ്മുടെ നാട്ടില്‍ തിരിച്ചെത്തിയതുപോലെ തോന്നി’യെന്നും വീഡിയോയില്‍ ജഗത് കുറിച്ചിട്ടുണ്ട്.

ഒട്ടേറെ ദക്ഷിണേന്ത്യന്‍, ശ്രീലങ്കന്‍ പലഹാരങ്ങള്‍ ഇവിടുത്തെ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിക്കന്‍ ബിരിയാണിയും കറിയോടുകൂടിയ പൊറോട്ടയുമാണ് ജഗത് രുചിച്ചത്. അവയ്ക്ക് രുചിയുണ്ടാകുമോ എന്ന് തനിക്ക് തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വിഭവങ്ങള്‍ കഴിച്ചതിന് ശേഷം ‘നാട്ടിലേതുപോലെത്തന്നെ രുചിയുണ്ടായിരുന്നു’ എന്നും ജഗത് കൂട്ടിച്ചേര്‍ക്കുന്നു.

‘ഞാന്‍ അകത്തേക്ക് കയറിയ നിമിഷം മുതല്‍ പരിചിതമായ പൊറോട്ടയുടെ മണം എന്നെ സ്വാധീനിച്ചു. ഷെഫ് അവ വിദഗ്ദ്ധമായി മറിച്ചിടുന്നത് കണ്ടപ്പോള്‍ എനിക്കൊരു വിരുന്ന് ലഭിക്കാന്‍ പോകുന്നു എന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ അവരുടെ സ്‌പെഷ്യല്‍ ഓര്‍ഡര്‍ ചെയ്തു. തീര്‍ച്ചയായും ചിക്കന്‍ ബിരിയാണിയും രുചിക്കേണ്ടിയിരുന്നു. എന്നെ വിശ്വസിക്കൂ, ഇത് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാണ്.’-വീഡിയോയ്‌ക്കൊപ്പം ജഗത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. ചിലര്‍ ഈ റസ്റ്ററന്റിലെ ഭക്ഷണം ഇഷ്ടപ്പെട്ടെന്നാണ് കമന്റ് ചെയ്തത്. എന്നാല്‍ ഇതില്‍ പറയുന്നത് പോലെ രുചിയില്ലെന്നും നാട്ടിലുള്ളതുപോലെയുള്ള രുചി പുന:സൃഷ്ടിക്കാന്‍ കഴിയില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

വൈറൽ വീഡിയോ 👇

വീഡിയോ 1

Most Popular

error:
Exit mobile version