മലപ്പുറം: പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ട് നിലമ്പൂരിലെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിലെ വിജയത്തിൽ നന്ദി അറിയിക്കാനാണ് ആര്യാടൻ ഷൗക്കത്ത് പാണക്കാടെത്തിയത്. ഷൗക്കത്തിനെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ സ്വീകരിച്ചു.
നിലമ്പൂരിൽ യുഡിഎഫ് നേടിയത് ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമായുള്ള വിജയമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഓരോരുത്തരും ഏല്പിച്ച കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചുവെന്നും ആത്മവിശ്വാസം നൽകുന്ന വിജയമാണ് ആര്യാടൻ ഷൗക്കത്തിന്റേത് എന്നും തങ്ങൾ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഷൗക്കത്തിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ.
ഭയപ്പാടിനെതിരായ കേരളത്തിന്റെ ഒരു വികാരമാണ് നിലമ്പൂരിൽ കണ്ടത് എന്നും തങ്ങൾ കൂട്ടിച്ചേർത്തു. നിലമ്പൂരിലേതിന് പോലെ ഒറ്റക്കെട്ടായി മുന്നേറിക്കൊണ്ട് കേരളത്തിനെ വീണ്ടെടുക്കുന്നതിനുള്ള യജ്ഞമാണ് ഇനി യുഡിഎഫിന് നടത്താനുള്ളത്. ഷൗക്കത്ത് അതിനുള്ള നിയോഗമായി മാറി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ജില്ലയിലെ മുഴുവൻ സീറ്റുകളും യുഡിഎഫ് നേടുമെന്നും തങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നിലമ്പൂരിലെ ലീഗിന്റെ പ്രവർത്തനത്തിന് ഷൗക്കത്ത് നേതാക്കളോട് നന്ദി പറഞ്ഞു. നിലമ്പൂരിൽ തനിക്കും കോൺഗ്രസിനും മുന്നേ പ്രവർത്തനം തുടങ്ങിയത് ലീഗാണ്. മുന്നൊരുക്കം, ഉള്ളൊരുക്കം എന്ന പരിപാടികൾ നടത്തി. പിന്നീടാണ് മുന്നണി ഒറ്റക്കെട്ടായി പ്രവർത്തനമാരംഭിച്ചത്. സാദിഖലി തങ്ങൾ തന്നെ അനുഗ്രഹിച്ചിരുന്നു. ഹജ്ജ് കഴിഞ്ഞ് നേരെ തങ്ങൾ എത്തിയത് നിലമ്പൂരിലേക്കാണ്. യുഡിഎഫിൽ എല്ലാവരെയും ഒരുമിപ്പിക്കുന്നത് കുഞ്ഞാലികുട്ടി സാഹിബാണെന്നും നിലമ്പൂരിൽ ആ ചുമതല കുഞ്ഞാലികുട്ടി ഭംഗിയായി നിർവഹിച്ചുവെന്നും ഷൗക്കത്ത് പറഞ്ഞു.