- അപാർട്ട്മെന്‍റ് കെട്ടിടത്തിൽ മിസൈൽ പതിച്ചു
- വെടി നിർത്തൽ ഖത്തർ മാധ്യസ്ഥതയിൽ
തെല്‍ അവീവ്: ഇസ്റാഈലുമായി വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഇറാന്‍ ടിവി ചാനല്‍. ഇസ്റാഈലിലേക്ക് തുടര്‍ച്ചയായി നടത്തിയ മിസൈല്‍ വര്‍ഷത്തിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ സര്‍ക്കാര്‍ ചാനലായ പ്രസ് ടിവി ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
ഇറാന്‍ ഇന്ന് രാവിലെ മുതല്‍ ആറ് തവണയായി നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബീര്‍ഷേബയില്‍ ബഹുനില കെട്ടിടത്തില്‍ മിസൈല്‍ നേരിട്ട് പതിച്ചാണ് നിരവധി പേര്‍ കൊല്ലപ്പെട്ടത്. മിസൈലുകളില്‍ പലതും പ്രതിരോധിച്ചതായി ഇസ്റാഈൽ സൈന്യം അറിയിച്ചു.
തെഹ്റാനിൽ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് തെൽ അവീവിൽ ഇന്ന് രാവിലെ രൂക്ഷ ആക്രമണം നടത്തിയത്. തുടർച്ചയായി സൈറണുകൾ മുഴങ്ങിയ തെൽ അവീവിൽ സ്ഫോടനം ഉണ്ടായി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബങ്കറുകളിൽ തന്നെ തുടരണമെന്നാണ് ഇസ്രായേൽ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, ഇസ്റാഈലുമായി ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചു. മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ മധ്യസ്ഥതയിലും അമേരിക്കയുടെ നിർദ്ദേശവുമാണ് വെടി നിർത്തലിലേക്ക് നയിച്ചത്.
ഇറാന്‍ നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ട് ഖത്തര്‍ പ്രധാനമന്ത്രിയാണ് യു.എസ് വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് ഇറാന്റെ അംഗീകാരം നേടിയതെന്ന് ഇറാന്‍ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. യു.എസ് വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായില്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീറിനെ അറിയിക്കുകയായിരുന്നെന്നും അതേ നിര്‍ദേശം അംഗീകരിക്കാന്‍ ഇറാനെ പ്രേരിപ്പിക്കുന്നതിന് ഇടപെടാന്‍ അമീറിനോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു.
