കറപുരണ്ട് കാക്കി; പെൺവാണിഭം മുതൽ കോടികളുടെ തട്ടിപ്പ് വരെ

0
208

കോഴിക്കോട്: അനാശാസ്യ കേന്ദ്രം നടത്തിപ്പ് മുതൽ കോടികളുടെ തട്ടിപ്പ് വരെ നടത്തിയ കുറ്റത്തിന് 10 ദിവസത്തിനുള്ളിൽ സസ്‌പെൻഷൻ നടപടി നേരിട്ടത് നാല് പൊലിസുദ്യോഗസ്ഥർ. പൊലിസ് ജനങ്ങൾക്കൊപ്പമുണ്ടെന്ന് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും ആവർത്തിക്കുന്നതിനിടെയാണ് തുടർച്ചയായി ക്രിമിനൽ കേസുകളിൽ പൊലിസ് ഉദ്യോഗസ്ഥർ പ്രതിചേർക്കപ്പെടുന്നത്.

കോഴിക്കോട് സിറ്റി പൊലിസ് പരിധിയിൽ മാത്രമാണ് നാലുപേരെ ദിവസങ്ങളുടെ ഇടവേളകളിൽ മാത്രം വിവിധ കാരണങ്ങളാൽ സർവിസിൽ നിന്ന് മാറ്റി നിർത്തിയത്. ഇതിൽ അസി.കമ്മിഷണർ ഉൾപ്പെടെ മൂന്ന് പേർ കേസിൽ പ്രതിസ്ഥാനത്താണുള്ളത്. സർവിസ് ചട്ടലംഘനം നടത്തിയതിനാണ് മറ്റൊരാളെ സസ്‌പെൻഡ് ചെയ്തത്. പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ് കുറ്റക്കാരായ പൊലിസുകാരെ തിരിച്ചറിയാൻ സാധിക്കുന്നത്. അഴിമതിയും ക്രിമിനൽ പശ്ചാത്തലങ്ങളും കണ്ടെത്തുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച ഇതോടെ സേനയിൽ ചർച്ചയായി മാറി. ചില കേസുകളിൽ റിപ്പോർട്ട് സമർപ്പിച്ചാലും നടപടിക്ക് കാലതാമസം നേരിടുന്നതും പതിവാണ്.