പശ്ചിമേഷ്യയെ കൂടുതല്‍ ഭീതിയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ ബോംബിട്ടത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് യുദ്ധത്തില്‍ അമേരിക്കയും പങ്കാളികളാകുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനിയുടെ മറുപടിയും സാഹചര്യം കടുപ്പിച്ചിരുന്നു.
ഇറാനെതിരേ സൈനിക നടപടി വേണമോ എന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് ട്രംപ് ജൂണ്‍ 20 ന് അറിയിച്ചത്. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് രണ്ടുദിവസത്തിനകം ഇറാനെ വിറപ്പിച്ചുകൊണ്ട് യുഎസ് ആക്രമണം നടത്തി. ഇസ്രയേലിന്റെ സൈനിക നടപടികളില്‍ നേരിട്ട് ഇടപെട്ടാല്‍ കനത്ത മറുപടി അമേരിക്കയ്ക്ക് ലഭിച്ചിരിക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാൽ ഇറാൻ ഏതുതരത്തിൽ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങൾ.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി എന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ അവകാശപ്പെട്ടത്. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം വന്‍ വിജയമായിരുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു.
‘യു.എസ് സൈന്യത്തിന്റെ സുപ്രധാന നേട്ടമാണിത്. ആണവായുധമുണ്ടാക്കാനുള്ള ഇറാന്റെ ശേഷി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. അതുവഴി ലോകത്തെ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്‌പോണ്‍സറായ ഇറാന്റെ ആണവഭീഷണിയും അവസാനിപ്പിക്കാനായിരുന്നു നടപടി. ദൗത്യം ഗംഭീര വിജയമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ യു.എസ് ആക്രമിക്കുമോ എന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ദിവസങ്ങളോളം നിലനിന്നിരുന്നു. പിന്നാലെയാണ് ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യുഎസിന്റെ നേരിട്ടുള്ള ഇടപെടല്‍ വരുന്നത്. ഓപ്പറേഷനില്‍ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ചുവെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ വിശദാംശങ്ങള്‍ നല്‍കിയില്ല. വൈറ്റ് ഹൗസും പെന്റഗണും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതിനിടെ, ഫോര്‍ഡോയിലെ ആക്രമണങ്ങളില്‍ യുഎസ് ആറ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചെന്നും മറ്റ് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ 30 ടോമാഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന ഫോര്‍ഡോ ആണവ കേന്ദ്രത്തിലെ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവിശ്യയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണിത്. ഫോര്‍ഡോ ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം തകര്‍ന്നുവെന്ന് ഇറാനിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം ആക്രമിക്കപ്പെട്ടുവെന്ന് ഖോമിലെ ഒരു ഉദ്യോഗസ്ഥന്‍ ഇറാനിയന്‍ തസ്‌നിം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതായി അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നാണ് നേരത്തേ വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടല്‍ നടത്തുമെന്ന സൂചനകൾ കഴിഞ്ഞദിവസങ്ങളിൽ നൽകുകയും ചെയ്തു. ഇറാന്‍ കീഴടങ്ങണമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. ഇറാന്റെ ആകാശത്തിനുമേല്‍ തങ്ങള്‍ക്ക് പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ നിയന്ത്രണമുണ്ടെന്നും ട്രംപ് അന്ന് വ്യക്തമാക്കി.





