വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം; എല്ലാ കണ്ണുകളും നിലമ്പൂരിലേക്ക്

0
107

നിലമ്പൂർ: രാഷ്ട്രീയകേരളം കാത്തിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച വരും.ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുക.എട്ട് മണി മുതൽ വോട്ടണ്ണൽ ആരംഭിക്കും . അവസാനമണിക്കൂറിലും കൂട്ടലിലും കിഴിക്കലിലുമാണ് മുന്നണികൾ.

77.25 ശതമാനം പോളിങ് രേഖപ്പെടുത്തിയ അമരമ്പലം പഞ്ചായത്താണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനമുള്ള പഞ്ചായത്ത്. എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫിന് വലിയ പ്രതീക്ഷയുണ്ട്. കരുളായിയും പോത്തുകല്ലുമാണ് പോളിങ് ശതമാനത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നത്. രണ്ടും എല്‍ ഡി എഫിന് പ്രതീക്ഷയുള്ള സ്ഥലങ്ങളാണ്.

എന്നാല്‍ ഏറ്റവും കൂടുതല്‍ പേർ വോട്ടു ചെയ്തത് വഴിക്കടവ് പഞ്ചായത്തിലാണ്. 29,320 പേർ. യുഡിഎഫ് 3000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന പഞ്ചായത്താണിത്. യുഡിഎഫിന് പ്രതീക്ഷയുള്ള നിലമ്പൂർ മുന്‍സിപ്പാലിറ്റിയാണ് രണ്ടാം സ്ഥാനത്ത്. തങ്ങള്‍ക്ക് പ്രതീക്ഷയുള്ള പഞ്ചായത്തുകളിലെ ഉയർന്ന പോളിങ് ഇരു മുന്നണികളെയും ഒരു പോലെ സന്തോഷിപ്പിക്കുന്നുണ്ട്.

75.27 ശതമാനം ആണ് ഏറ്റവും ഒടുവിലായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറതത്തുവിട്ട പോളിങ് കണക്ക്. കഴിഞ്ഞ നിയമസഭയെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവു മാത്രമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അതേ സമയം കഴിഞ്ഞ തവണ വോട്ടു ചെയ്തതിനേക്കാള്‍ 1462 പേർ ഇത്തവണ വോട്ട് രേഖപ്പെടുത്തി. 12000 മുതല്‍ 20000 വരെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. 2000 ല്‍ താഴെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന എല്‍ ഡിഎഫ് കരുതുന്നു. 25000 വോട്ടുവരെ പിടിക്കാമെന്നാണ് അൻവർ ക്യാമ്പിന്റെ പ്രതീക്ഷ.