ദുബായ്: ക്രൂസ് കൺട്രോൾ തകരാറിൽ ആയതിനെ തുടർന്ന് നിയന്ത്രണം വിട്ട് അതിവേഗത്തിൽ മുന്നോട്ടുനീങ്ങിയ വാഹനത്തിലെ ഡ്രൈവറെ ദുബായ് പൊലീസ് മിനിറ്റുകൾക്കകം രക്ഷപ്പെടുത്തി. അബുദാബി റൂട്ടിൽ ഷെയ്ഖ് സായിദ് റോഡിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ട്രാഫിക് പട്രോളിങ് സംഘം വനിതാ ഡ്രൈവറെ ഫോണിൽ വിളിച്ച് നിർദേശം നൽകി.
ഇതേസമയം പട്രോളിങ് വാഹനങ്ങൾ മുന്നിലും പിന്നിലും സഞ്ചരിച്ച് സുരക്ഷിത ഇടമൊരുക്കി റോഡിലെ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കി. ഗതാഗതം നിയന്ത്രിച്ച് സുരക്ഷിത ഇടമൊരുക്കിയത് കൂട്ടിയിടി ഒഴിവാക്കി. ക്രമേണ വാഹനം വേഗം കുറയുകയും നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തത് വൻ അത്യാഹിതം ഒഴിവാക്കി.
അടിയന്തര സാഹചര്യങ്ങൾ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്ത പട്രോളിങ് സംഘത്തെ ട്രാഫിക് വകുപ്പ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി അഭിനന്ദിച്ചു. വാഹന പരിശോധന സമയബന്ധിതമായി നടത്തണമെന്നും ബ്രേക്ക്, ക്രൂസ് കൺട്രോൾ തുടങ്ങിയ നിർണായക സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഓർമിപ്പിച്ചു.





