ഇറാനെ ആക്രമിച്ച് അമേരിക്ക; ആക്രമണം നടത്തിയത് മൂന്ന് ആണവ കേന്ദ്രങ്ങളിൽ

0
214

ലോകത്ത് മറ്റാര്‍ക്കും ഇത് കഴിയില്ല. അമേരിക്കയ്ക്കും ലോകത്തിനും ഇസ്റാഈലിനും ഇത് അഭിമാന നിമിഷമാണെന്നും

ടെഹ്റാൻ: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല.

പുലര്‍ച്ചെയോടെയാണ് യുഎസിന്‍റെ ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇറാനെ ലക്ഷ്യമാക്കിയെത്തി ബോംബിട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാത്രിയോടെ വിമാനങ്ങള്‍ പസഫികിലെ ഗുവാമിലെത്തിച്ചിരുന്നു.

യുദ്ധവിമാനങ്ങളെല്ലാം ഇറാന്‍റെ വ്യോമപരിധിക്ക് പുറത്താണിപ്പോളെന്നും ട്രപ് അവകാശപ്പെട്ടു. യുദ്ധവിമാനങ്ങള്‍ തിരികെ യുഎസിലേക്ക് തിരിച്ചുവെന്നും യുഎസ് സൈനികര്‍ക്ക് അഭിനന്ദനങ്ങളെന്നും ട്രംപ് പോസ്റ്റില്‍ കുറിച്ചു. ലോകത്ത് മറ്റാര്‍ക്കും ഇത് കഴിയില്ല. അമേരിക്കയ്ക്കും ലോകത്തിനും ഇസ്റാഈലിനും ഇത് അഭിമാന നിമിഷമാണെന്നും ഇറാന്‍ യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് വരണമെന്നും ട്രംപ് കുറിച്ചു.

അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു.

യുദ്ധത്തിൽ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിർവീര്യമാക്കാൻ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവിൽ ആക്രമണങ്ങൾ നിർത്തിവെക്കാന്‍ ഇസ്രായേലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് യു എസ് രഹസ്യാന്വേഷണ മേധാവി തുൾസി ഗാബാർഡ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടടക്കം തള്ളിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇറാൻ അടുത്തെങ്ങും ആണവായുധം നിർമിക്കില്ലെന്ന റിപ്പോര്‍ട്ടാണ് ട്രംപ് തള്ളിക്കളഞ്ഞത്.