കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ച കുറ്റത്തിന് യുവതി അറസ്റ്റിലായി. പ്രശസ്ത കുവൈത്തി നടിയും അവതാരകയുമായ ശജൂന്‍ അല്‍ഹാജിരിയാണ് മയക്കുമരുന്ന് ശേഖരവുമായി അറസ്റ്റിലായത്. ശജൂന്‍ അല്‍ഹാജിരി മയക്കുമരുന്ന് കൈവശം വെക്കുന്നതായി സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ അറസ്റ്റ് ചെയ്തത്. വ്യക്തിഗത ഉപയോഗത്തിനായാണ് മയക്കുമരുന്നുകൾ കൈവശം വെച്ചിരുന്നതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അധികൃതർ പിടികൂടിയത്. ഇവരുടെ കൈവശം കഞ്ചാവ്, കൊക്കെയ്ൻ, മറ്റ് സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കണ്ടെത്തി.
തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ പൂർണ്ണ ശക്തിയോടെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
ആരാണ് ശജൂന്‍ അല്‍ഹാജിരി, കൂടുതൽ അറിയാം 👇
പിറന്ന് മണിക്കൂറുകള്‍ക്കകം പെറ്റമ്മ തെരുവില്‍ ഉപേക്ഷിക്കുകയും അനാഥാലയത്തില്‍ വളരുകയും വിജയത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി കുവൈത്തിലെ പ്രശസ്ത നടിയും അവതാരകയുമായി മാറുകയും ചെയ്ത ആളാണ് ശജൂന്‍ അല്‍ഹാജിരി.
1988 ഫെബ്രുവരി എട്ടിന് ജനിച്ച ശുജൂന്‍ അല്‍ഹാജിരിയെ പെറ്റമ്മ മണിക്കൂറുകള്‍ക്കകം തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹികകാര്യ മന്ത്രാലയത്തിനു കീഴിലെ അനാഥാലയത്തില്‍ വളര്‍ന്ന ശുജൂന്‍ അല്‍ഹാജിരിയെ കുവൈത്തി പൗരനായ മതര്‍ അല്‍ഹാജിരിയും ഭാര്യ ഹയാത്തും അടങ്ങുന്ന കുടുംബം ദത്തെടുക്കുക്കുകയായിരുന്നു. പതിമൂന്ന് വയസ്സ് വരെ അവര്‍ അല്‍ഹാജിരി കുടുംബത്തോടൊപ്പം താമസിച്ചു. പിന്നീട് അനാഥാലയത്തിലേക്കു തന്നെ മടങ്ങി.
താന്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട അനാഥ കുട്ടിയായിരുന്നെന്ന് 2013 ല്‍ ശുജൂന്‍ അല്‍ഹാജിരി ആദ്യമായി ലോകത്തെ അറിയിച്ചു.
കൗമാരപ്രായത്തിലാണ് തന്റെ യഥാര്‍ഥ ഐഡന്റിറ്റി മനസ്സിലാക്കിയതെന്നും താന്‍ അനാഥയാണെന്ന് അറിഞ്ഞ് ചിലര്‍ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചുവെന്നും ശുജൂന്‍ വ്യക്തമാക്കി. ദുഷ്‌കരമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും ശുജൂന്‍ ചെറുപ്പം മുതലേ കലാരംഗത്തേക്ക് കടന്നു. ആറാമത്തെ വയസ്സില്‍, പ്രശസ്തമായ കുട്ടികളുടെ പ്രോഗ്രാമായ അല്‍സവായ ഉമ്മു ഉവൈനയിലൂടെയാണ് ശുജൂന്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മാമാ അനീസ എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു. അവരുടെ സ്വതസിദ്ധമായ അഭിനയശേഷി എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.
ചെറുപ്പത്തില്‍ തന്നെ, കുവൈത്ത് നാടകങ്ങളിലും സീരിയലുകളിലും അവര്‍ തന്റെ കരിയര്‍ ആരംഭിച്ചു. കുവൈത്തി കഥകള്‍ (1999), ഐസ് സ്റ്റെപ്സ് (2000), ദി ചോയ്സ് (2001), ലവ് കംസ് ലേറ്റ്, ദി പ്രൈസ് ഓഫ് മൈ ലൈഫ് (2002) തുടങ്ങിയ പരമ്പരകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
മികച്ച മുന്‍നിര നടിക്കുള്ള അവാര്‍ഡ് (2008), കയ്റോ അറബ് മീഡിയ ഫെസ്റ്റിവല്‍ ഗോള്‍ഡന്‍ ക്രിയേറ്റിവിറ്റി അവാര്‍ഡ്, മികച്ച ഗള്‍ഫ് നടിക്കുള്ള അവാര്‍ഡ് (2015), അല്‍മുവാജഹ (2018), അദ്‌റാ (2019) എന്നീ പരമ്പരകളിലെ അഭിനയത്തിന് മികച്ച മുന്‍നിര നടിക്കുള്ള അവാര്‍ഡ് എന്നിവ ശുജൂന്‍ അല്‍ഹാജിരിയുടെ ഭാവാഭിനയ മികവിനുള്ള അംഗീകാരങ്ങളായി.
അവളുടെ വളര്‍ത്തു പിതാവ് അല്‍ഹവാജിര്‍ ഗോത്രത്തില്‍ പെട്ടയാളാണെങ്കിലും ശുജൂന്‍ തന്റെ യഥാര്‍ഥ വ്യക്തിത്വം വെളിപ്പെടുത്തിയതോടെ ഗോത്രത്തിലെ ചില അംഗങ്ങള്‍ ശുജൂന്‍ തങ്ങളുടെ ഗോത്രപ്പേര് ഉപയോഗിക്കുന്നതിനെ എതിര്‍ത്തു. ഇത് പിന്നീട് അല്‍ഹവാജിരി എന്ന ഗോത്രപ്പേര് ഉപേക്ഷിച്ച് ശുജൂന്‍ എന്ന ആദ്യ പേര് മാത്രം ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിച്ചു.





