റിയാദ്: സഊദിയില്‍ വൈദ്യുതി സേവന വ്യവസ്ഥകളിലും പ്രീപെയ്ഡ് സേവന ചട്ടങ്ങളിലും ഭേദഗതികള്‍ വരുത്തി സഊദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിസിറ്റി സര്‍വീസ് പ്രൊവിഷന്‍ ഗൈഡില്‍ വരുത്തിയ ഭേദഗതികള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
പ്രീപെയ്ഡ് വൈദ്യുതി ഉപഭോഗം, വൈദ്യുതി കണക്ഷന്‍ താല്‍ക്കാലികമായി വിച്ഛേദിക്കാനുള്ള വ്യവസ്ഥകള്‍, റീചാര്‍ജ് ചെയ്ത ശേഷം വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാനുള്ള സംവിധാനം എന്നിവ ഇതിൽ വ്യക്തമാക്കുന്നു. എല്ലാ സാമ്പത്തിക ബാധ്യതകളും പൂര്‍ണമായി ഒടുക്കല്‍, പ്രതിമാസ ബില്ലിംഗിലേക്ക് മാറുന്നതിന് മുമ്പ് കുറഞ്ഞത് മൂന്ന് മാസമെങ്കിലും പ്രീപെയ്ഡ് സേവനത്തില്‍ തുടരല്‍ എന്നീ വ്യവസ്ഥകള്‍ പാലിച്ച് പ്രീപെയ്ഡ് സേവനത്തില്‍ നിന്ന് പ്രതിമാസ ബില്ലിംഗ് രീതിയിലേക്ക് ഉപയോക്താക്കള്‍ക്ക് മാറാവുന്നതാണ്.
പ്രീപെയ്ഡ് സേവനം റദ്ദാക്കുമ്പോള്‍ ഉപയോഗിക്കാത്ത തുക വീണ്ടെടുക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. കണക്ഷന്‍ വിച്ഛേദിച്ച ശേഷം ഗാര്‍ഹിക ഉപയോക്താക്കള്‍ കുറഞ്ഞത് 150 റിയാലും മറ്റ് വിഭാഗങ്ങള്‍ 300 റിയാലും റീചാര്‍ജ് ചെയ്താല്‍ ഫീസ് ഇല്ലാതെ 30 മിനിറ്റില്‍ കൂടാത്ത സമയത്തിനുള്ളില്‍ സേവനം പുനഃസ്ഥാപിക്കപ്പെടും.
ഉപഭോക്താക്കളുടെ മേലുള്ള കടബാധ്യതകള്‍ ലഘൂകരിക്കാന്‍ ശ്രമിച്ച് ബില്ലടക്കാത്തതിനുള്ള കണക്ഷന്‍ വിച്ഛേദിക്കല്‍ കാലയളവ് 90 ദിവസത്തില്‍ നിന്ന് 60 ദിവസമായി കുറച്ചിട്ടുണ്ട്. പ്രീപെയ്ഡ് സേവനത്തില്‍ ക്രെഡിറ്റ് കുറവായിരിക്കുമ്പോള്‍ ഇലക്ട്രിസിറ്റി കമ്പനിക്ക് നേരിട്ട് വൈദ്യുതി വിച്ഛേദിക്കാന്‍ അവകാശം ഉണ്ടാകില്ല. പകരം, കമ്പനി ഉപഭോക്താവിന് എസ്.എം.എസ് അറിയിപ്പ് അയക്കണം. റെസിഡന്‍ഷ്യല്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ് തുക 30 റിയാലിലും മറ്റ് വിഭാഗങ്ങളുടെ ക്രെഡിറ്റ് തുക 100 റിയാലിലും താഴെയായി കുറയുന്ന സാഹചര്യങ്ങളിലാണ് ക്രെഡിറ്റ് കുറഞ്ഞ കാര്യം ഉപയോക്താക്കളെ എസ്.എം.എസ് വഴി അറിയിക്കേണ്ടത്.
താല്‍ക്കാലിക കണക്ഷന്‍ വിച്ഛേദിക്കല്‍ നടപടി സ്വീകരിക്കുന്നതിനു മുമ്പ് ക്രെഡിറ്റ് ഉയര്‍ത്താന്‍ ഒരു ആഴ്ച വരെ സാവകാശം നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
