ടെൽ അവീവ്/തെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം ഒൻപതാം ദിവസത്തിലേയ്ക്ക് കടക്കവെ ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ 15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 30ലേറെ ആയുധങ്ങൾ പ്രയോഗിച്ചതായാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്.
ഇറാനിലെ ഇസ്ഫഹാൻ, തെഹ്റാൻ എന്നിവിടങ്ങളിൽ ആകാശത്ത് സ്ഫോടനം ഉണ്ടാകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നജഫബാദ് നഗരത്തിലെ വ്യോമപ്രതിരോധ സംവിധാനം ഇസ്രയേൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതും മാലാഡ് പ്രവിശ്യയിൽ സ്ഫോടനം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ഇറാനിലെ ക്വോമിൽ ആൾത്താമസമുള്ള കെട്ടിടത്തിൽ ഇസ്രയേലിൻ്റെ യുദ്ധവിമാനം ബോംബാക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൻ്റെ 17-ാം തരംഗമാണ് ഏറ്റവും ഒടുവിൽ നടന്നതെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇസ്രയേലിലെ പ്രധാനനഗരങ്ങളായ ഹൈഫ, ടെൽഅവീവ്, ബീർഷേബ എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. ആക്രമണങ്ങളിൽ 17ഓളം പേർക്ക് പരിക്ക് പറ്റിയതായും രണ്ട് പേരുടെ നില ഗുരുതരമാണെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്.
