19 സൈനിക കേന്ദ്രങ്ങൾ, 40,000 സൈനികർ, കൂടുതൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും കൊണ്ടുവരുന്നു; മധ്യപൂർവദേശത്ത് യുഎസ് പടയൊരുക്കം

0
260

വാഷിങ്ടൻ: ഇസ്റാഈൽ –ഇറാൻ സംഘർഷം കനക്കുന്നതിനിടെ മധ്യപൂർവദേശ മേഖലയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും കൊണ്ടുവരാൻ യുഎസ് നടപടി തുടങ്ങി. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്.

ഇതിൽ ഇറാഖ്, ബഹ്റൈൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, ഖത്തർ, സഊദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്ഥിരം കേന്ദ്രങ്ങളും ഉൾപ്പെടും.

കുവൈത്തിലുളള 5 കേന്ദ്രങ്ങളിലായി 13,500 സൈനികർക്കുളള സൗകര്യമുണ്ട്. മധ്യേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ എയർബേസായ ഖത്തർ അൽ ഉദൈദ് എയർബേസിൽ 10000 സൈനികരും ബി52, എഫ്15, എഫ്16 എന്നിവയടക്കം നൂറുകണക്കിനു പോർവിമാനങ്ങളും ബോംബറുകളുമുണ്ട്. യുഎഇയിൽ 3500, ഇറാഖിൽ 2,500 എന്നിങ്ങനെയാണ് യുഎസ് സൈനികരുടെ എണ്ണം. ബഹ്റിനിലെ മനാമയിൽ 9000 സൈനികരുണ്ട്.

യുഎസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റിന്റെ കേന്ദ്രമായ ഇവിടെ നിന്നാണ് ചെങ്കടൽ, പേർഷ്യൻ ഗൾഫ്, അറബിക്കടൽ എന്നിവടങ്ങളിലെ വിമാനവാഹിനിക്കപ്പലുകളും മുങ്ങിക്കപ്പലുകളും മിസൈൽവേധക്കപ്പലുകളും നിയന്ത്രിക്കുന്നത്.

എഫ് 16, 22,35 ഗണത്തിലുള്ള കൂടുതൽ വിമാനങ്ങൾ ഉടൻ എത്തിക്കുമെന്നാണു വിവരം. യുഎസിൽ നിന്ന് യൂറോപ്പിലേക്ക് 30 യുദ്ധവിമാനങ്ങൾ എത്തിച്ചിട്ടുണ്ട്. ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളും മേഖലയിലെത്തിയിട്ടുണ്ട്.  യുഎസ്എസ് ദ് സള്ളിവൻസ്, ആർലിങ് ബുർക് എന്നീ യുദ്ധക്കപ്പലുകൾ ഇറാൻ ഇസ്രയേലിലേക്കു വിടുന്ന ബാലിസ്റ്റിക് മിസൈലുകൾ തകർക്കാനുണ്ടായിരുന്നു. ഇപ്പോൾ ആർലിങ് ബുർകിനെ മാറ്റി തോമസ് ഹഡ്നർ എന്ന കപ്പൽ പകരം എത്തിയിട്ടുണ്ട്.