വ്യോമതാവളങ്ങൾ തകർത്തതോടെ വെടിനിര്‍ത്തലിന് ഇന്ത്യയോട് അഭ്യര്‍ഥിച്ചു: ഏറ്റുപറഞ്ഞ് പാക്കിസ്ഥാന്‍

0
254

ഇസ്‌ലാമാബാദ്: ഓപറേഷന്‍ സിന്ദൂറിനു പിന്നാലെ  വ്യോമതാവളങ്ങളും ഇന്ത്യ തകര്‍ത്തതോടെ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചുവെന്ന് പാക്കിസ്ഥാന്‍റെ വെളിപ്പെടുത്തല്‍. പാക്ക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടെലിവിഷൻ ചാനൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ തിരിച്ചടിയില്‍ നടുങ്ങിയ പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനായി സമീപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈന്യവും നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. റാവൽപിണ്ടിയിലെ നൂർ ഖാൻ വിമാനത്താവളത്തിനും പഞ്ചാബ് പ്രവിശ്യയിലെ ഷോർകത്ത് (റാഫിക്വി) വ്യോമതാവളത്തിനും നേർക്കാണ് ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. 

പഹല്‍ഗാമില്‍ പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചത്. പിന്നാലെ നിയന്ത്രണരേഖ മറികടന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. ഇതോടെ പാക്ക് വ്യോമതാവളങ്ങളില്‍ ഇന്ത്യ നിയന്ത്രിത ആക്രമണം നടത്തുകയായിരുന്നു. 26 പേര്‍ക്കാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. 

വ്യോമതാവളങ്ങള്‍ക്കു നേരെയുണ്ടായ ഇന്ത്യന്‍ തിരിച്ചടി പാക്കിസ്ഥാന് അപ്രതീക്ഷിതമായിരുന്നു. ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ തയാറെടുക്കുന്നതിനിടെ മേയ് ആറിനും ഏഴിനും നൂര്‍ ഖാനും ഷോർകത്തും ഇന്ത്യ ആക്രമിച്ചു. അപ്രതീക്ഷിതമായിരുന്നു ഇന്ത്യന്‍ ആക്രമണമെന്നും ധര്‍ വെളിപ്പെടുത്തി.

‘‘ഇന്ത്യ ശക്തമായി തിരിച്ചടിച്ച് മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടതോടെ സൗദി രാജകുമാരന്‍ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി സംസാരിക്കട്ടെ, വെടിനിർത്താൻ ഇന്ത്യ തയാറാണെങ്കിൽ പാക്കിസ്ഥാന് സമ്മതമാണോയെന്നും ചോദിച്ചു. സമ്മതമാണെന്നു താൻ മറുപടി നൽകി. ഇക്കാര്യം ജയശങ്കറിനെ അറിയിച്ചതായി പിന്നീട് അദ്ദേഹം തിരിച്ചുവിളിച്ചു പറഞ്ഞു. 

പാക്കിസ്ഥാനാണ് വെടിനിര്‍ത്തലിനായി ഇന്ത്യയെ സമീപിച്ചതെന്ന വസ്തുത അംഗീകരിക്കാന്‍ നേരത്തെ പാക്ക് പ്രധാനമന്ത്രിയും സൈനിക നേതാക്കളും തയാറായിരുന്നില്ല. ഇന്ത്യയിൽ പാക്കിസ്ഥാന്‍ കനത്ത നാശമുണ്ടാക്കി എന്നായിരുന്നു അവരുടെ അവകാശവാദം. എന്നാല്‍ ഇത് തെറ്റാണെന്ന് ഉപഗ്രഹചിത്രങ്ങളും ആക്രമണത്തിന്‍റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട് ഇന്ത്യ തെളിയിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെ റാവൽപിണ്ടി വിമാനത്താവളം ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് തന്നെ വെളിപ്പെടുത്തിയിരുന്നു.