കൊഴുപ്പ് മാറ്റ ശസ്ത്രക്രിയയിലെ പിഴവ്; നീതുവിന് നഷ്ടമായത് 9 വിരലുകള്‍

തിരുവനന്തപുരം: വയറിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയപ്പിഴവിനെത്തുടർന്ന് കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എം എസ് നീതു.‌ ക്ലിനിക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനീതിയാണെന്ന് നീതു പറയുന്നു പറയുന്നു. എല്ലാം നിസാരമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആദ്യ പ്രതികരണം. ഒമ്പത് വിരലുകളാണ് നീതുവിന് നഷ്ടമായത്.

ഫെബ്രുവരി 22 നാണ് കഴക്കൂട്ടം കോസ്മെറ്റിക് ഹോസ്പിറ്റലില്‍ നീതു ശസ്ത്രിക്രിയ നടത്തിയത്. 23 ന് വീട്ടിലെത്തിയ ശേഷം ക്ഷീണവും തളര്‍ച്ചയും അനുഭപ്പെട്ടു. ആശുപത്രിയില്‍ വിവരം അറിയിച്ചപ്പോള്‍ ഇതൊക്കെ സാധാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണമെന്ന് നീതു ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു.

കോസ്മെറ്റിക് ആശുപത്രി കാണിച്ചത് ഗുരുതര കുറ്റകൃത്യമാണെന്നും നീതു ആരോപിക്കുന്നു. ക്ലിനിക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അറിയുന്നതെന്നും നീതു കൂട്ടിച്ചേര്‍ത്തു. ചികിത്സയ്ക്കായി ഇതുവരെ 30 ലക്ഷം രൂപയാണ് നീതുവിന് ചെലവായത്. ഐടി ജീവനക്കാരിയായിരുന്ന നീതുവിന് നിലവില്‍ ജോലിയില്‍ തുടരാനോ നിത്യജീവിത്തിലെ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.

സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനികിൻ്റെ ക്ലിനിക്കൽ രജിസ്ട്രേഷൻ നേരത്തെ റദ്ദാക്കിയിരുന്നു. ലൈസൻസിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയത്.