ദമാം: കമ്പനി പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് ദുരിതത്തിലായ മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളിൾക്ക് ആശ്വാസവാർത്ത. ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്ത് വന്നിരുന്ന ഇന്ത്യൻ തൊഴിലാളികളാണ് മാസങ്ങളോളമായി പ്രതിസന്ധിയിൽ കഴിഞ്ഞിരുന്നത്. ദുരിതത്തിന് പരിഹാരം കാണാൻ കഴിയാതെ അനിശ്ചിതത്വം തുടരവേ മലയാളികളടക്കമുള്ള മുന്നോറോളം വരുന്ന തൊഴിലാളികൾ ഇന്ത്യൻ എംബസിയേയും വിദേശകാര്യ മന്ത്രാലയത്തിനേയും വിവരമറിയിക്കുകയായിരുന്നു.
നേരത്തേയുള്ള എംബസിയുടേയും സാമൂഹ്യ പ്രവർത്തകൻ്റെയും ഇടപെടലിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഇന്ത്യൻ എംബസിയുടെ ലേബർ വെൽഫെയർ വിഭാഗം ഓഫീസർ ബി.എസ്. മീനയും ഉദ്യോഗസ്ഥൻ മുഹമ്മദ് നസീമും ജുബൈലിലെ എംബസി സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയർ ജന സേവന വിഭാഗം കോഡിനേറ്ററുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയും ചേർന്ന് ജുബൈലിലെ അൽ ജുഐമ ലേബർ ഓഫീസിൽ സന്ദർശനം നടത്തി മുതിർന്ന ലേബർ ഓഫീസർ മുത് ലഖ് അൽ ഖഹ്താനിയും മറ്റു മൂന്ന് ലേബർ ഓഫീസറുമായി കൂടിയാലോചന നടത്തിയാണ് പരിഹാരം കാണാനായത്.
ചർച്ചകൾക്കൊടുവിൽ നടപടികൾ ത്വരിതഗതിയിലാക്കി അടുത്ത നാല് പ്രവർത്തി ദിവസങ്ങളോടെ എല്ലാ തൊഴിലാളികളുടെയും ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കുമെന്ന ആശ്വാസകരമായ ഉറപ്പാണ് ലഭിച്ചത്. ശേഷം ഇതിൻ്റെ തുടർ നടപടിയെന്നോണം ജുബൈൽ ജവാസാത്ത് മേധാവിയുമായും എംബസി ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകനും കുടിക്കാഴ്ച നടത്തി. ലേബർ ഓഫീസിൻ്റെ നടപടികൾ പൂർത്തിയാക്കി ആവശ്യമായ രേഖകൾ ലഭിക്കുന്നതോടെ ഉടനെ തന്നെ നടപടികൾ പൂർത്തിയാക്കി ഫൈനൽ എക്സിറ്റ് ശരിപ്പെടുത്താം എന്ന് ജവാസാത് മേധാവിയും ഉറപ്പ് നൽകി.
ഇതോടെ ഇന്നലെ ചൊവ്വാഴ്ചയും ഇന്ന് ബുധനാഴ്ചയിലും കുറേ പേർക്ക് ഫൈനൽ എക്സിറ്റ് ലഭിച്ചതായി ജവാസാത്തിൽ നിന്നുമുള്ള സന്ദേശം എസ്.എം എസ് ആയി ലഭിച്ചതോടെയാണ് തൊഴിലാളികൾക്ക് ആശ്വാസമായത്. ഇതിനകം തന്നെ ചിലർ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ടിക്കറ്റെടുക്കാൻ കഴിയാതെ സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്ന ബാംഗ്ലൂർ സ്വദേശി ഫൈനൽ ഏക്സിറ്റിനുള്ള നടപടിയൊന്നും തുടങ്ങാതെ തന്നെ ഇന്ന് ബുധനാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് നാട്ടിൽ നിന്നും വരുത്തിയെങ്കിലും പോവാൻ കഴിയില്ലെന്ന ആശങ്കയിൽ കഴിയുകയായിരുന്നു. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി ലേബർ ഓഫീസും ജവാസാത്തുമായി അവസരോചിതമായി ബന്ധപ്പെട്ട് ഫൈനൽ ഏക്സിറ്റ് ലഭ്യമാക്കി ഉദ്ദേശിച്ച ഫ്ലൈറ്റിൽ തന്നെ യാത്ര ചെയ്യാൻ സൗകര്യവും ഒരുക്കിയതോടെ ഏറെ സന്തോഷത്തേടെയാണ് ഇദ്ദേഹം നാട്ടിലേക്ക് വിമാനം കയറിയത്.
എംബസി ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകനും ജുഐമ ലേബർ ഓഫീസും ജുബൈൽ ജവാസാത്തും സന്ദർശനം കഴിഞ്ഞ ശേഷം കമ്പനി തൊഴിലാളികൾ താമസിക്കുന്ന രണ്ട് ക്യാമ്പുകളിലും നേരിട്ട് സന്ദർശനം നടത്തി ആശയവിനിമയം നടത്തിയത് തൊഴിലാളികൾക്ക് കൂടുതൽ ആശ്വാസമായി. ജവാസാത്ത് മേധാവിയുമായുള്ള സംഭാഷണങ്ങൾക്കിടയിൽ ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള സൗഹൃദ ബന്ധത്തെക്കുറിച്ചും അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞു. ഇന്ത്യൻ എംബസിയുടെ ജവാസാത്ത് സന്ദർശനം സന്തോഷകരമാണെന്നും ജവാസാത്തിൻ്റെ വാതിൽ ഏത് സമയത്തും എംബസിക്ക് വേണ്ടി തുറന്ന് വെക്കുമെന്നും എപ്പോഴും സ്വാഗതമാണെന്നും അദ്ദേഹം അറിയിച്ചു. ശേഷം ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരേയും അദ്ദേഹം വിളിച്ച് വരുത്തി എംബസി ഉദ്യോഗസ്ഥരേയും സാമൂഹ്യ പ്രവർത്തകനേയും പരിചയപ്പെടുത്തി കൊടുക്കുകയും ഏത് സേവനവും തടസമില്ലാതെ നടപടികൾ പൂർത്തീകരിച്ചു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ സന്ദർശനവും കഴിഞ്ഞ് തുടർ നടപടികളെല്ലാം സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയെ ഏൽപിച്ച് എംബസി ഉദ്യോഗസ്ഥർ റിയാദിലേക്ക് തിരിച്ചു പോയി.