സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; കോഴിക്കോട് മൂന്നരവയസ്സുകാരി തോട്ടിൽ വീണ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. കണ്ണൂരും കാസർകോടും ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മൂന്നരവയസ്സുകാരി തോട്ടിൽ വീണ് മരിച്ചു. തൃശൂരും മലപ്പുറത്തും കനത്തമഴയിൽ വീടുകൾ തകർന്നു.

കാസർകോട് കുഡ്‌ലു സ്വദേശി ഭവാനി ആണ് ഒഴുക്കിൽപെട്ട് മരിച്ചത്. ഇന്നലെയാണ് ഭവാനിയെ മധുവാഹിനിപ്പുഴയിൽ പെട്ടുകാണാതായത്. കൊട്ടിയൂർ ബാബലി കുഴിയിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ കാഞ്ഞങ്ങാട് സ്വദേശി അഭിലാഷിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

കോഴിക്കോട് അന്നശ്ശേരി സ്വദേശി നിഖിലിൻറെ മകൾ നക്ഷത്രയാണ് തോട്ടിൽ വീണ് മരിച്ചത്. കളിക്കുന്നതിനിടെ വീടിന് മുന്നിലെ തോട്ടിൽ വീഴുകയായിരുന്നു. മലപ്പുറം തിരൂർ വെട്ടം താഴംപറമ്പിൽ കുടിവെള്ള ടാങ്ക് തകർന്നു. അറുപതോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്കാണ് തകർന്നത്.

തിരൂർ കാരാട്ടുകടവ് കനത്ത മഴയിൽ നിർമ്മാണത്തിലിരിക്കുന്ന വീട് പൂർണമായി തകർന്നു. കനത്ത മഴയിൽ തൃശ്ശൂർ ജില്ലയിൽ ഒരു വീട് പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. കുന്നംകുളത്ത് കോലാടി പറമ്പിൽ വിജേഷിന്റെ വീടാണ് പൂർണമായും തകർന്നത്. ചുവരുകൾ തകരുന്ന ശബ്ദം കേട്ട് കുടുംബം പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണു. ഇടുക്കി പീരുമേട് കല്ലാർ കവലയ്ക്ക് സമീപമാണ് മണ്ണിടിഞ്ഞത്. കോഴിക്കോട് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽപെട്ട് പൊലീസുകാരന് പരിക്കേറ്റു. റോഡിലെ വെള്ളക്കെട്ടിലൂടെ ഓടുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.