ന്യൂഡൽഹി: അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യയുടെ വിമാനം റദ്ദാക്കി. വ്യേമാതിർത്തി നിയന്ത്രണങ്ങളും മുൻകരുതൽ പരിശോധനകളും മുൻനിർത്തി വിമാനങ്ങളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് എയർ ഇന്ത്യയുടെ എഐ 159 എന്ന വിമാനം റദ്ദാക്കാന്‍ കാരണമെന്നും വിമാനത്തിനു സാങ്കേതിക തകരാർ നേരിട്ടിട്ടില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. അഹമ്മദാബാദിൽ കഴിഞ്ഞയാഴ്ചയുണ്ടായ വിമാനാപകടത്തിനു ശേഷം ആദ്യമായി നടത്തുന്ന സർവീസാണിത്.
‘‘അഹമ്മദാബാദിൽ നിന്നു ഗാറ്റ്‍വിക്കിലേക്കുള്ള എഐ159 എന്ന വിമാനം റദ്ദാക്കാൻ കാരണമായത് വിമാനത്തിന്റെ ലഭ്യതക്കുറവും വ്യോമാതിർത്തി നിയന്ത്രണങ്ങളും അധിക മുൻകരുതൽ പരിശോധനകളും മൂലമാണ്. വിമാനത്തിന് സാങ്കേതിക തകരാറുകൾ നേരിട്ടിട്ടില്ല’’– എയർ ഇന്ത്യ വ്യക്തമാക്കി.
‘‘യാത്രക്കാർക്ക് നേരിട്ട എല്ലാ അസൗകര്യങ്ങൾക്കും ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു. യാത്രതുടരുന്നതിനായി മറ്റു ക്രമീകരണങ്ങൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. യാത്രക്കാർക്കായി ഹോട്ടൽ സൗകര്യങ്ങൾ ഒരുക്കുന്നതിനോടൊപ്പം യാത്രക്കാർ തിരഞ്ഞടുക്കുന്നതു പ്രകാരം മുഴുവൻ തുക റീഫണ്ടായോ അല്ലെങ്കിൽ യാത്ര സൗജന്യമായി പുനഃക്രമീകരിക്കാനുള്ള സൗകര്യങ്ങളും ഞങ്ങൾ ഒരുക്കുന്നു’’– എയർ ഇന്ത്യ അധികൃതർ കൂട്ടിച്ചേർത്തു.
ഇതിനൊപ്പം മറ്റു രണ്ട് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഉച്ചയ്ക്കു 1.15ന് പുറപ്പെടേണ്ട ഡൽഹി–പാരിസ് വിമാനമാണ് റദ്ദാക്കിയത്. ബോയിങ് നിർമിത ഡ്രീംലൈനറാണിത്. രാത്രി എട്ടുമണിയോടെ പുറപ്പെടേണ്ടിയിരുന്ന ലണ്ടൻ– അമൃത്‌സർ വിമാനവും റദ്ദാക്കി.