തലയ്ക്കു മുകളിലൂടെ മിസൈലുകൾ, കണ്മുൻപിൽ മിസൈൽ സ്ഫോടനം, മരണത്തെ മുഖാമുഖം കണ്ട് മലയാളികൾ; രക്ഷകരായി ഇറാനിയൻ കുടുംബം

0
133

തെഹ്റാൻ: യുദ്ധകലുഷിതമായ ഇറാനില്‍ മിസൈലുകള്‍ക്കു നടുവില്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ വിവരിക്കുമ്പോള്‍ നടുക്കം മാറിയിട്ടില്ല മലപ്പുറം സ്വദേശി അഫ്‌സലിനും സുഹൃത്തിനും. മലപ്പുറം എ.ആർ നഗറിലെ അഫ്സൽ, മലപ്പുറം കോട്ടക്കൽ മുഹമ്മദ് എന്നിവരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ജോലിയുടെ ഭാഗമായി ദുബായിൽ നിന്നാണ് ഇരുവരും കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ എത്തിയത്. ദുബൈയിൽ നിന്ന് ബിസിനസ് ആവശ്യത്തിന് ടെഹ്‌റാനിലെത്തിയ അഫ്‌സലും സുഹൃത്തും ഇപ്പോഴും ഇറാനില്‍ തുടരുകയാണ്. ഏതുവിധേനയും രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്നും ഇന്ത്യന്‍ എംബസിയില്‍നിന്നു സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണെന്നും അഫ്‌സല്‍ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മലപ്പുറം തിരൂരങ്ങാടി താലൂക്കില്‍ അബ്ദുറഹിമാന്‍ നഗര്‍ സ്വദേശിയാണ് അഫ്‌സല്‍. ഒപ്പമുള്ള മുഹമ്മദ് കോട്ടയ്ക്കല്‍ പരപ്പൂര്‍ സ്വദേശിയാണ്. ഒരു ഇറാനിയന്‍ കുടുംബത്തിന്റെ വീട്ടില്‍ യെസ്ദ് എന്ന സ്ഥലത്താണ് അഫ്‌സലും സുഹൃത്തും ഇപ്പോഴുള്ളത്. ടെഹ്‌റാനിലെ തെരുവില്‍ നൂറു മീറ്റര്‍ അകലെ ഉണ്ടായ സ്‌ഫോടനത്തില്‍ അകപ്പെട്ടതിനെക്കുറിച്ചും ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടതിനെക്കുറിച്ചും അഫ്‌സല്‍ പറഞ്ഞു. മലയാളം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർ നടുക്കുന്ന കാര്യങ്ങൾ വിവരിച്ചത്

‘‘കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെഹ്‌റാനില്‍ എത്തിയത്. ഇസ്റാഈൽ ആക്രമണത്തിനു സാധ്യതയുണ്ടെന്നു ചില മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടിരുന്നു. എന്നാല്‍ ഇത്രത്തോളം കടുത്ത ആക്രമണം ടെഹ്‌റാനില്‍ ഉണ്ടാകുമെന്നു കരുതിയില്ല. ടെഹ്‌റാനിലെ ഹോട്ടലിലാണു തങ്ങിയിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആക്രമണം ശക്തമാകാന്‍ തുടങ്ങിയത്. രണ്ടു ദിവസം ഹോട്ടല്‍ മുറിയില്‍ തന്നെ തുടര്‍ന്നു. പുറത്തു വലിയ ശബ്ദം കേള്‍ക്കാമായിരുന്നു. ഞങ്ങളുടെ ഹോട്ടലും ആക്രമിക്കപ്പെടുമെന്ന ഭയത്തോടെയാണ് ഇരുന്നത്. മരണത്തെ മുഖാമുഖം കണ്ട മണിക്കൂറുകള്‍ ആയിരുന്നു അത്. ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെട്ടപ്പോള്‍ നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ സുരക്ഷിതമായി ഇരിക്കാനാണു പറഞ്ഞത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ഈ കാര്യങ്ങള്‍ പറയാന്‍ ജീവനോടെ ഉണ്ടാകുമായിരുന്നോ എന്നു സംശയമാണ്.

ഒടുവില്‍ ഞായറാഴ്ച രാവിലെ കാര്യങ്ങള്‍ നേരിട്ടറിയാന്‍ രണ്ടും കല്‍പ്പിച്ചു പുറത്തിറങ്ങി ഇന്ത്യന്‍ എംബസിയിലേക്കു പോയി. ഇന്ത്യന്‍ എംബസി മുമ്പുണ്ടായിരുന്ന കെട്ടിടത്തില്‍നിന്നു മാറ്റിയിരുന്നു. അവിടെ നില്‍ക്കുമ്പോഴാണ് ആക്രമണത്തിന്റെ ഭീകരത നേരിട്ട് അനുഭവിച്ചത്. മിസൈല്‍ ആണോ ഷെല്‍ ആണോ എന്ന അറിയില്ല, നൂറു മീറ്റര്‍ അകലെ വീണു വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. മരണം മുന്നില്‍ കണ്ട നിമിഷങ്ങളായിരുന്നു അത്. മൂന്നു വശത്തും കറുത്ത പുക ഉയരുന്നുണ്ടായിരുന്നു. എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് ഒരു പിടിയുമില്ല. തൊട്ടടുത്താണു പൊട്ടിത്തെറികള്‍ നടന്നത്.

അമ്പതു മീറ്റര്‍ അകലെ ഒരു ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷന്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. സുഹൃത്തിനൊപ്പം ഓടി ഒരു വിധത്തില്‍ അവിടേക്ക് ഇറങ്ങി. ഭൂമിക്കടിയില്‍ ഏറെ ആഴത്തിലായതിനാല്‍ സുരക്ഷിതമായിരിക്കുമെന്നു കരുതിയാണ് അവിടേക്ക് ഓടിയത്. കുറേനേരം അവിടെ തുടര്‍ന്ന്. പിന്നീട് ആക്രമണം അവസാനിച്ചതോടെ ഒരു വിധത്തില്‍ ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തി. പിന്നീട് എംബസിയില്‍ വിളിക്കുമ്പോഴും അവിടെ തന്നെ തുടരാനാണു പറഞ്ഞിരുന്നത്. മറ്റു രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ സുരക്ഷിതരായി ഒഴിപ്പിക്കാനുളള നീക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ടെഹ്‌റാനില്‍നിന്നു സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കു പോകാനൊരുങ്ങിയ ഒരു ഇറാനിയന്‍ കുടുംബമാണ് പിന്നീട് രക്ഷയ്‌ക്കെത്തിയത്. അവര്‍ ഞങ്ങളെയും ഒപ്പം ചേര്‍ത്തു. പുലര്‍ച്ചെ നാലുമണിക്ക് അവര്‍ കാറുമായി എത്തി. ഏതാണ്ട് പത്തു മണിക്കൂര്‍ റോഡ് മാര്‍ഗം നീണ്ട യാത്ര. യാത്രയ്ക്കിടയിലും ഇറാനും ഇസ്രയേലും പരസ്പരം തൊടുക്കുന്ന മിസൈലുകള്‍ തലയ്ക്കു മുകളിലൂടെ ചീറിപ്പായുന്നതു കാണാമായിരുന്നു. ഉദ്ദേശിച്ച സ്ഥലത്തു സുരക്ഷിതമായി എത്താന്‍ കഴിയുമോ എന്ന വല്ലാത്ത ഭയമായിരുന്നു മനസില്‍. ഇതില്‍ ഏതെങ്കിലും ഒരെണ്ണം വാഹനത്തില്‍ പതിച്ചാല്‍ എല്ലാം കഴിഞ്ഞു. ദൈവകൃപ കൊണ്ട് ഒന്നും സംഭവിച്ചില്ല. മണിക്കൂറുകള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ യെസ്ദ് എന്ന സ്ഥലത്ത് എത്താന്‍ കഴിഞ്ഞു. അവിടെ ഇറാനിയന്‍ കുടുംബത്തിന്റെ വീട്ടിലാണു കഴിയുന്നത്.

നോര്‍ക്ക അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ അര്‍മേനിയ അതിര്‍ത്തി വഴി സുരക്ഷിതരായി ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചുവെന്നാണ് അറിയുന്നത്. ഏതെങ്കിലും അതിര്‍ത്തി തുറന്നാല്‍ നാട്ടിലേക്കു തിരിച്ചു മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണുള്ളത്. യെസ്ദ് യുനെസ്‌കോ പൈതൃകപട്ടികയിലുള്ള സ്ഥലമാണ്.

ഇവിടെ സൈനികകേന്ദ്രങ്ങളോ ആണവകേന്ദ്രങ്ങളോ ഇല്ല. അതുകൊണ്ട് ഇറാനില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന നിലയിലാണ് ഇവിടെ കഴിയുന്നത്. എന്നാല്‍ യുറേനിയം ഖനനകേന്ദ്രമായതിനാല്‍ ആ നിലയ്ക്ക് എന്തെങ്കിലും ആക്രമണം ഉണ്ടാകുമോ എന്ന ഭയവുമുണ്ട്.കുറച്ചു ദൂരെനിന്ന് ബങ്കര്‍ വഴി കടല്‍മാര്‍ഗം ഷാര്‍ജയിലേക്കു പോകാന്‍ കഴിയുമെന്ന് അറിഞ്ഞിരുന്നു. അതു സുരക്ഷിതമാണോ, ബങ്കര്‍ സര്‍വീസ് ഇപ്പോഴുമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്’’ – അഫ്‌സല്‍ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക