ഇന്ത്യക്കാർ ഉടൻ തെഹ്റാൻ വിടണം; നിർദേശവുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യക്കാർ ഉടൻ തെഹ്റാൻ വിടണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. ഏതുതരം വിസ എന്ന് പരിഗണിക്കാതെ നിർദേശങ്ങൾ പാലിക്കണം. തെഹ്റാനിലെ ആക്രമണ സാധ്യത മുന്നിൽ കണ്ടാണ് നിർദേശം.

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്തതോടെ, ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 1,500ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്രജ്ഞരെയും സിവിലിയന്മാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടത്.

നാലാം ദിനവും ഇസ്രായേലിൽ കനത്ത പ്രഹരമേൽപിച്ച് ഇറാൻ മിസൈൽ ആക്രമണം നടത്തി. മധ്യ ഇസ്രായേലിൽ ഇന്നുമാത്രം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഹൈഫ നഗരത്തിലെ രണ്ട് പവർ ജനറേറ്ററുകളും ഇറാൻ തകർത്തു. ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവിയടക്കം നിരവധി പേർ കൊല്ലപ്പെട്ടു.

തെൽ അവീവ്, കിഴക്കൻ ജെറുസലേം, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് പ്രിസിഷൻ മിസൈലുകൾ പതിച്ചത്. ഹൈഫ പ്ലാന്റിലെ രണ്ടിടങ്ങളിലാണ് മിസൈൽ നേരിട്ട് പതിച്ചത്. നിരവധി കെട്ടിടങ്ങൾ തകർന്നതിനു പുറമെ വൈദ്യുതി സംവിധാനങ്ങളും തടസ്സപ്പെട്ടു. നൂറോളം പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.

ഇറാനിൽ 80ലധികം ബോംബുകളാണ് ഇസ്രായേൽ പ്രയോഗിച്ചത്. ഐആർജിസിയുടെ ഇന്റലിജൻസ് മേധാവി മുഹമ്മദ് കാസിമി, ഡപ്യൂട്ടി ജനറൽ ഹസ്സൻ മുഹഖിക് എന്നിവർ കൊല്ലപ്പെട്ടു . ഖുദ്‌സ് ഫോഴ്‌സ് കമാൻഡ് സെന്ററുകളും ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇറാനിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 250നടുത്തെത്തി. ഇറാൻ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇയെ വധിക്കാനുള്ള ഇസ്രായേൽ പദ്ധതിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തടഞ്ഞെന്നാണ് റിപ്പോർട്ട്.

യുഎസിന്റെ വിവിധ യുദ്ധസംവിധാനങ്ങൾ പശ്ചിമേഷ്യയിലേക്ക് മാറ്റുന്നത് തുടരുകയാണ്. ഇരുപക്ഷവും വെടിനിർത്തൽ കരാറിൽ ഏർപ്പെടണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ആണവശേഷി വികസിപ്പിക്കുന്നത് തടയുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.