അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍പ്പെട്ട് മരണപ്പെട്ടവരില്‍ ഇതുവരെ 19 പേരെ തിരിച്ചറിഞ്ഞു. ഡിഎന്‍എ ബന്ധം സ്ഥിരീകരിച്ച പതിനൊന്ന് മൃതദേഹങ്ങള്‍ ഇന്നലെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഇന്ന് കൂടുതല്‍ ഡിഎന്‍എ ഫലങ്ങള്‍ പുറത്തുവരും.
ഇതിന് ശേഷം മൃതദേഹങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ എത്രപേര്‍ മരിച്ചു എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതവന്നിട്ടില്ല. അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാരൻ നായരുടെ ഡിഎഎൻഎ ഫലം പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ ദിവസമാണ് രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ നൽകിയത്.
അപകടത്തില്‍ പരിക്കേറ്റ് 32 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ പതിനാറ് പേര്‍ വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ബിജെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരും സാധാരണക്കാരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രമേശ് വിശ്വാസ് കുമാറുമുണ്ട്. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
നൂറ് പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘമാണ് ബി ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലും അടക്കം തെരച്ചില്‍ നടത്തുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ലഭിച്ചതോടെ അപകട കാരണം സംബന്ധിച്ച് ഉടന്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിസിഎക്ക് ഒപ്പം മറ്റ് ദേശീയ അന്വേഷണ ഏജന്‍സികളും അപകടം അന്വേഷിക്കുന്നുണ്ട്. അപകട കാരണം അന്വേഷിക്കുന്നതിനായി നിയോഹിച്ച പന്ത്രണ്ടംഗ ഉന്നതതല സമിതി നാളെ ആദ്യ യോഗം ചേരും.
