മിനസോട്ട : യുഎസിലെ മിനസോട്ട സംസ്ഥാനത്തെ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റു മരിച്ചു. മിനസോട്ടയിലെ ജനപ്രതിനിധിയും മുൻ സ്‌പീക്കറുമായ മെലീസ ഹോർട്മാനും (55) ഭർത്താവ് മാർക്ക് ഹോർട്മാനുമാണ് കൊല്ലപ്പെട്ടത്. മിനസോട്ട സെനറ്ററായ ജോൺ ഹോഫ്മാനും (60) ഭാര്യയ്‌ക്കും വെടിയേറ്റു. ഇവരെല്ലാം ഡെമോക്രാറ്റിക് പാർടി പ്രതിനിധികളാണ്.
ശനിയാഴ്ച പുലർച്ചെ പൊലീസ് ഓഫീസറുടെ വേഷം ധരിച്ച് മുഖംമൂടി ധരിച്ചെത്തിയ അക്രമിയാണ് ഇവർക്കു നേരെ വെടിയുതിർത്തത്. വീടുകളിലെത്തി കതകിൽ മുട്ടിവിളിച്ച് പുറത്തിറക്കി വെടിവയ്ക്കുകയായിരുന്നു. വാൻസ് ലൂഥർ ബോൽട്ടർ എന്നയാളാണ് കൊല നടത്തിയതെന്നാണ് സംശയിക്കുന്നത്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
ജോൺ ഹോഫ്മാനും ഭാര്യയ്‌ക്കും അവരുടെ വീട്ടിൽവച്ചാണ് വെടിയേറ്റത്. പിന്നാലെ അക്രമി മെലീസ ഹോർട്മാന്റെ വീട്ടിലെത്തി വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട അക്രമിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ഹോഫ്മാനും ഭാര്യയ്‌ക്കും ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.
2019 മുതൽ ഇക്കഴിഞ്ഞ ജനുവരിവരെ മിനസോട്ട ജനപ്രതിനിധി സഭയിലെ സ്‌പീക്കറായിരുന്നു മെലീസ ഹോർട്മാൻ. ആക്രമണം രാഷ്ട്രീയപ്രേരിതമാണെന്ന് മിനസോട്ട ഗവർണർ ടിം വാൽസ് പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പട്ടിക അക്രമി എത്തിയ വാഹനത്തിൽനിന്നും കണ്ടെടുത്തു.
