തെല്‍ അവീവ്: ഇസ്റാഈൽ തലസ്ഥാനത്ത് ഇറാന്റെ അമ്പരപ്പിക്കുന്ന ആക്രമണം. പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) ആസ്ഥാനത്താണ് ഇറാന്റെ മിസൈലുകള്‍ കനത്ത പ്രഹരമേല്‍പ്പിച്ചത്. ഇസ്രായേലിന്റെ പെന്റഗണ്‍ എന്നറിയപ്പെടുന്ന ‘കിരിയ’യില്‍ ഇറാന്‍ നടത്തിയ ആക്രമണം പശ്ചിമേഷ്യയില്‍ യുദ്ധം കൂടുതല്‍ രൂക്ഷമാക്കും.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഇസ്രായേലിന്റെ പ്രധാന സൈനിക ആസ്ഥാനമായ സെന്‍ട്രല്‍ ടെല്‍ അവീവിലെ ‘കിരിയ’ കോമ്പൗണ്ടിനെ ഇറാന്‍ പ്രത്യേകമായി ലക്ഷ്യമിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇസ്രായേല്‍ സൈന്യം ഇറാന്റെ ഉന്നത സൈനിക നേതൃത്വത്തെ തുടച്ചുനീക്കിയതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രത്യാക്രമണം.
അതീവ സുരക്ഷയുള്ള ഈ കോമ്പൗണ്ടിലെ ഒരു കെട്ടിടം ആക്രമിക്കപ്പെട്ടതായി ഫോക്‌സ് ന്യൂസ് ലേഖകന്‍ ട്രേ യിങ്സ്റ്റ് വെളിപ്പെടുത്തി. ‘കിരിയ’യിലെ ഒരു കെട്ടിടം ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചതായി യിങ്സ്റ്റ് പറഞ്ഞു.
ആക്രമണങ്ങളെത്തുടര്‍ന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി. ഇസ്രായേലി സൈനിക വക്താവ് എഫി ഡെഫ്രിന്‍ യുദ്ധത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കവെ കിരിയ ‘പ്രതിരോധ സ്റ്റാന്‍ഡ്ബൈ’യിലേക്ക് പോകുകയാണെന്ന് ഉച്ചഭാഷിണിയില്‍ മുന്നറിയിപ്പ് മുഴങ്ങി. തുടര്‍ന്ന് പത്ര സമ്മേളനം റദ്ദാക്കുകയായിരുന്നു.
ഇറാനിയന്‍ ആണവ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വന്‍തോതിലുള്ള ഇസ്രായേലി വ്യോമാക്രമണത്തിനുള്ള നേരിട്ടുള്ള പ്രതികരണമായിരുന്നു കിരിയയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ‘ഒരു യുദ്ധത്തിന് തുടക്കമിട്ടു’വെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇ പ്രഖ്യാപിക്കുകയും പ്രതികാരം വിനാശകരമായിരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന്, ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡുകള്‍ ഒന്നിലധികം തവണകളായി നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. ചിലത് അയണ്‍ ഡോമുകളെ ഭേദിച്ച് വ്യത്യസ്ഥ പ്രദേശങ്ങളില്‍ പതിച്ചു.
ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ച ദൃശ്യങ്ങള്‍ അനുസരിച്ച് കിരിയ കോമ്പൗണ്ടിനുള്ളിലെ മാര്‍ഗനിറ്റ് ടവറിന് സമീപം കുറഞ്ഞത് ഒരു മിസൈലെങ്കിലും പതിച്ചു. നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഐ.ഡി.എഫ് ജനറല്‍ സ്റ്റാഫ്, പ്രതിരോധ മന്ത്രാലയം, പ്രധാന സൈനിക കമാന്‍ഡ്, ഇന്റലിജന്‍സ് സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രതിരോധ ആസ്ഥാനമാണ് കിരിയ. സൈനിക ആസൂത്രണം, രഹസ്യവിവര ശേഖരണം, കമാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏകോപിപ്പിക്കുന്ന മാര്‍ഗനിറ്റ്, മാറ്റ്കാല്‍ ടവറുകള്‍ പോലുള്ള സുപ്രധാന കെട്ടിടങ്ങള്‍ സൈനിക കോമ്പൗണ്ടില്‍ ഉള്‍പ്പെടുന്നു.
