ജിദ്ദ: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന സൗത്ത് സോണ്‍ കെഎംസിസി മുന്‍ പ്രസിഡന്റ് പി.പി മുഹമ്മദ് ഇസ്മായില്‍ എരുമേലി (71) നിര്യാതനായി. ഏതാനും വര്‍ഷം മുപ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റും എംഇഎസ് കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. എരുമേലി മണങ്ങല്ലൂര്‍ പള്ളിക്കശ്ശേരില്‍ പരേതനായ പി.എം പരീദ് റാവുത്തറുടെ മകനാണ്. ഖബറടക്കം ഇന്ന് (ശനി) അസര്‍ നമസ്‌കാര ശേഷം മണങ്ങല്ലൂര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.
ഭാര്യ കാഞ്ഞിരപ്പള്ളി കട്ടുപ്പാറ കുടുംബാംഗം ഫൗസിയ. മക്കള്‍: ഷെഹിന്‍ ഇസ്മായില്‍, ശുഹൈബ് ഇസ്മായില്‍. മരുമകള്‍: ആലിയ ഷെഹിന്‍.
ജിദ്ദ കെ.എം.സി.സി മുന്‍ നേതാവ് എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി ഇസ്മായില്‍ സാഹിബിനെ അനുസ്മരിക്കുന്നു.
പിപി ഇസ്മായില്‍ സാഹിബും വിടവാങ്ങി… ശരിക്കും പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയക്കാരന്റെ സാദാ ഞെട്ടല്‍ അല്ല. ഒരു പച്ച മനുഷ്യന്റെ ഉള്ളില്‍ തട്ടിയുള്ള ഞെട്ടല്‍. ഇസ്മായില്‍ എരുമേലി വിടവാങ്ങി എന്ന വേദനജനകമായ വാര്‍ത്തയാണ് രാവിലെ തന്നെ അറിയുന്നത്
അപ്പോഴുണ്ടായ ഒരു ശൂന്യത ഉണ്ടല്ലോ പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആലോചിച്ചു നോക്കി ആരാണ് ഇസ്മായില്‍?
ജിദ്ദയിലുള്ളപ്പോള്‍ എപ്പോള്‍ കണ്ടാലും തുറന്ന ചിരിയോടെ കൈപിടിച്ച് കുലുക്കിയും നാട്ടില്‍ ഫോണ്‍ വഴിയും സുഖ ക്ഷേമങ്ങള്‍ അന്വേഷിക്കുന്ന ഒരാള്‍.
മാത്രമാണോ, പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത തെക്കന്‍ കേരളത്തിലെ മുസ്ലിം ലീഗ് കഥകള്‍ സംഘടന വിവരങ്ങള്‍ നിര്‍ത്താതെ പറയുന്ന കെഎംസിസി യിലെ സഹപ്രവര്‍ത്തകന്‍. കോട്ടയം ജില്ലയില്‍ മുസ്ലിം ലീഗിന് ശക്തിയുള്ള എരുമേലി സ്വദേശി, ലീഗ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്ത് വളര്‍ന്ന ഇസ്മായില്‍ ഉറച്ചതും ദൃഡവുമായ രാഷ്ട്രീയ ബോധത്തിന്റെ ഉടമയാണ്.
MSF ലൂടെ,മുസ്ലിം യൂത്ത് ലീഗിലൂടെ, മുസ്ലിം ലീഗിലൂടെ, കെ എം സി സി യിലൂടെ, പ്രവാസി ലീഗ് ലൂടെ വീണ്ടും മുസ്ലിം ലീഗില്‍ എത്തുമ്പോള്‍ പാര്‍ട്ടി സ്വന്തം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നായി മാറിയിരുന്നു. ഏതു രാഷ്ട്രീയ പ്രതിയോഗിയുടെ മുന്നിലും ഞാന്‍ അടിയുറച്ച മുസ്ലിം ലീഗുകാരനാണെന്ന് ഭയ ലേശമന്യേ പ്രഖ്യാപിച്ചു.
ജിദ്ദയില്‍ കെഎംസിസി സംഘടന രംഗത്തും ജീവ കാരുണ്യ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളിലെ മുസ്ലിം ലീഗ് അനുഭാവികളെ കോര്‍ത്തിണക്കി ജിദ്ദ സൗത്ത് സോണ്‍ കെഎംസിസിക്ക് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കു വഹിക്കുകയും ദിര്‍ഘകാലം അതിന്റെ നേതൃനിലയില്‍ ഉണ്ടാവുകയും ചെയ്തു. ജിദ്ദ കെഎംസിസി യുടെ യോഗങ്ങളിലും പൊതു പരിപാടികളിലും സജീവ സാന്നിധ്യം.
നിനച്ചിരിക്കാത്ത നേരത്തായി അദ്ദേഹത്തിന്റെ വിടവാങ്ങല്‍…. മരണം അങ്ങനെയാണ്. അല്ലാഹുവിനു മാത്രം അറിയാവുന്ന സത്യം. മനുഷ്യര്‍ നിസ്സഹായര്‍.
ഇനി പാരത്രിക മോക്ഷത്തിനായി ഉള്ളറിഞ്ഞ പ്രാര്‍ത്ഥന മാത്രം. ദുനിയാവില്‍ ചെയ്തു തീര്‍ത്ത നന്മകള്‍ അല്ലാഹു കബൂല്‍ ചെയ്യട്ടെ. കുറ്റങ്ങള്‍ പൊറുത്തു കൊടുക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിനും സൗഹൃദത്തിനും ദുഃഖങ്ങള്‍ താങ്ങാന്‍ സര്‍വശക്തന്‍ കരുത്തു പകരട്ടെ.





