വിമാനങ്ങളിലെ ഏറ്റവും സുരക്ഷിതസീറ്റാണോ 11A?; വിശ്വാസിന്റെ രക്ഷക്കെത്തിയത് യാത്രികർ വെറുക്കുന്ന സീറ്റ്

0
510

അഹമ്മദാബാദ്: തീഗോളമായി പൊട്ടിത്തെറിച്ച വിമാനത്തിൽനിന്ന് രക്ഷപ്പെട്ട് രക്ഷാപ്രവർത്തകർക്കിടയിലേക്ക് നടന്നുവരുന്ന വിശ്വാസ് കുമാറിന്റെ ദൃശ്യങ്ങൾ അത്ഭുതത്തോടെയാണ് രാജ്യം കണ്ടത്. അഹമ്മദാബാദിലെ വിമാനദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഏകവ്യക്തിയാണ് ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ. സഹോദരനൊപ്പമായിരുന്നു എയർ ഇന്ത്യയുടെ വിമാനത്തിൽ അദ്ദേഹം ലണ്ടനിലേക്ക് തിരിച്ചത്. അപകടത്തിൽ വിശ്വാസിന്റെ സഹോദരനുൾപ്പെടെ 241 പേരും മരിച്ചു. 11 A സീറ്റിലായിരുന്ന വിശ്വാസ് കുമാർ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇതിന് പിന്നാലെ വിമാനത്തിലെ വിശ്വാസ് കുമാറിന്റെ സീറ്റിനെ ചുറ്റിപ്പറ്റിയാണ് ചർച്ച മുഴുവൻ.

വിമാനങ്ങളിലെ ഏറ്റവും സുരക്ഷിതമായ സീറ്റാണോ 11 A സീറ്റ്? വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടതിന് പിന്നാലെ ഒട്ടേറെപ്പേര്‍ ചോദിക്കുന്ന ചോദ്യമിതാണ്. 241 പേര്‍ മരിച്ചിട്ടും ഒരാള്‍ മാത്രം അദ്ഭുതകരമായി രക്ഷപ്പെട്ടതിന് പിന്നില്‍ ആ സീറ്റിന് മാത്രമായുള്ള എന്തെങ്കിലും പ്രത്യേകത ആണോ എന്നാണ് ഒട്ടുമിക്കവരും ചോദിക്കുന്നത്. വിമാനത്തിൽ എമർജൻസി വാതിലിനു സമീപത്തായിട്ടായിരുന്നു 11A സീറ്റ്. എന്നാല്‍, അങ്ങനെ സുരക്ഷിതമായ സീറ്റ് എന്നുപറയാവുന്ന ഒന്നും വിമാനങ്ങളില്‍ ഇല്ലെന്നാണ് വ്യോമയാന വിദഗ്ധരുടെ പക്ഷം.

ഓരോ അപകടങ്ങളും വ്യത്യസ്തതരത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍ സീറ്റ് ക്രമീകരണം നോക്കി അപകടത്തെ അതിജീവിക്കുന്നത് പ്രവചിക്കാന്‍ സാധിക്കില്ല. -ഫ്‌ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ ഡയറക്ടറായ മിച്ചല്‍ ഫോക്‌സ് പറഞ്ഞു. യാത്രക്കാരന്‍ എമര്‍ജന്‍സി വാതിലിന് അടുത്താണ് ഇരുന്നത്. ആ ദിവസത്തെ സുരക്ഷിതമായ സീറ്റ് അതായിരുന്നുവെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. അതേസമയം, എമര്‍ജന്‍സി വാതിലിന് അടുത്തിരുന്നാല്‍ അപകടത്തില്‍നിന്ന് എല്ലായ്പ്പോഴും രക്ഷപ്പെടാനായിക്കൊള്ളണമെന്നില്ലെന്നും വിലയിരുത്തലുകളുണ്ട്. അപകടത്തെ തുടര്‍ന്ന് എമര്‍ജന്‌സി വാതിലുകള്‍ തുറക്കാനാവാത്ത സാഹചര്യം ഉണ്ടാകാമെന്നും പറയുന്നു.

വിശ്വാസ് കുമാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും 11 A സീറ്റ് യൂറോപ്പില്‍ പലരും വെറുക്കുന്ന സീറ്റാണ്. ബോയിങ് 737 വിമാനങ്ങളില്‍ യാത്രചെയ്യുന്നവര്‍ ഒട്ടുമിക്കപ്പോഴും ഈ സീറ്റില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടാറില്ല. കാരണം ഈ സീറ്റിന് ജനല്‍ ഉണ്ടാകാറില്ല. വിന്‍ഡോ ഇല്ലാത്ത വിന്‍ഡോ സീറ്റ് എന്നാണ് ഈ സീറ്റ് അറിയപ്പെടുത്തതുതന്നെ. എസിയുടെ പൈപ്പുകളും മറ്റുമുള്ളതിനാലാണ് ജനല്‍ ഇല്ലാത്തത്. അതിനാല്‍ കാഴ്ച കാണാനാഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും അതിന് സാധിക്കാറുമില്ല. യാത്രക്കാര്‍ പരാതി ഉന്നയിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

‘ഞാൻ ഇരുന്നിരുന്ന വശം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പതിച്ചു. വാതിൽ തകർന്നപ്പോൾ ചെറിയൊരു വിടവ് കണ്ടു. അതിലൂടെ ഞാൻ പുറത്തേക്ക് ചാടി. ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്ലോറിനടുത്തായിട്ടാണ് ഞാൻ ഇറങ്ങിയത്. അവിടെ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാൻ അതിലൂടെ പുറത്തിറങ്ങി. കെട്ടിടത്തിന്റെ മതിൽ എതിർവശത്തായിരുന്നു. ആർക്കും അതുവഴി പുറത്തുവരാൻ കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നു. എന്റെ കൈയിൽ പൊള്ളലേറ്റു. എന്റെ കൺമുമ്പിൽവെച്ചാണ് രണ്ട് എയർഹോസ്റ്റസുമാർ മരിച്ചത്’ – വിശ്വാസ് കുമാർ പറഞ്ഞു. കണ്ണ് തുറന്നപ്പോൾ എനിക്ക് ജീവനുണ്ടെന്ന് മനസ്സിലായി. സീറ്റ് ബെൽറ്റ് തുറന്ന് ഞാൻ അവിടെ നിന്നിറങ്ങി, അപകടത്തേക്കുറിച്ച് വിശ്വാസ് കുമാർ പറയുന്നതിങ്ങനെ. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് വിശ്വാസ് കുമാർ.

കഴിഞ്ഞ 20 വര്‍ഷമായി വിശ്വാസ് കുമാര്‍ ലണ്ടനിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ഇപ്പോള്‍ ലണ്ടനിലാണുള്ളതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. 230 യാത്രക്കാരും 10 കാബിന്‍ ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here