പഠനത്തിലും ജോലിയിലും മിടുമിടുക്കി; രഞ്ജിതയുടെ ഓർമകളിൽ സുഹൃത്തുക്കൾ 

0
679

പന്തളം: പഠനത്തിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും രഞ്ജിത മുന്നിലായിരുന്നെന്ന് പന്തളം എൻഎസ്എസ് നഴ്‌സിങ് കോളേജിൽ 18 വർഷംമുമ്പ് കൂടെപ്പഠിച്ച കൂട്ടുകാരുടെ ഓർമ്മ. 2004-07 ബാച്ചിലാണ് പുല്ലാട്ടുനിന്നും പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയോടുചേർന്നുള്ള കോളേജ് ഹോസ്റ്റലിൽ രഞ്ജിത താമസിച്ചുപഠിച്ചത്.

47 പേരുള്ള ബാച്ചിൽ പഠനത്തിലും പഠനത്തിനപ്പുറം എല്ലാ കാര്യങ്ങളിലും മികവ് പുലർത്തിയിരുന്ന കൂട്ടുകാരിയെ എപ്പോഴും ഓർമ്മയുണ്ടെന്ന് ഇതേ ബാച്ചിലെ വിദ്യാർഥിയും എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്‌സുമായിരുന്ന അശ്വതി ഓർമ്മിക്കുന്നു.

പഠനം കഴിഞ്ഞ് പന്തളത്ത് ആശുപത്രിയിൽ ഒരുവർഷം ബോണ്ട് ചെയ്തപ്പോഴും ഒന്നിച്ചുണ്ടായിരുന്നു. പിരിഞ്ഞശേഷവും സഹപാഠികളുമായി സുഹൃദ്ബന്ധം പുലർത്തിയിരുന്നു. കോഴഞ്ചേരിയിൽ സർക്കാർ ആശുപത്രിയിൽ ജോലിനോക്കുന്ന കാലത്തും അവധിയെടുത്ത് വിദേശത്തേക്ക് പോകുന്ന സമയത്തുമെല്ലാം ഫോൺവിളികൾ ബന്ധം കൂട്ടിയിണക്കി. ഒരുവർഷം മുമ്പ് മകന്റെ തൊണ്ടയ്ക്ക് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പന്തളം മെഡിക്കൽമിഷൻ ആശുപത്രിയിലെത്തിയപ്പോഴാണ് അവസാനമായി കണ്ടുപിരിഞ്ഞത്.