ദുബായ്: യുഎഇ ഭരണാധികാരികൾ ബലിപെരുന്നാളാഘോഷത്തിന്റെ ഹൃദയസ്പർശിയായ കുടുംബ ചിത്രങ്ങൾ പങ്കിട്ടു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മരുമക്കളോടും കൊച്ചു മക്കളുടെ മധ്യേ ഇരിക്കുന്ന ചിത്രമാണ് ഇതിൽ ഏറെ ശ്രദ്ധേയമായത്. പരമ്പരാഗത കന്തൂറയും ശിരോവസ്ത്രവും ധരിച്ച ചെറിയ കുട്ടികൾ രസകരമായ ചിരികളോടെ ക്യാമറയെ നോക്കുന്ന ദൃശ്യമാണിത്.
ഷെയ്ഖ് മുഹമ്മദ് കൊച്ചുമക്കളിൽ ഒരാൾക്ക് ചുംബനം നല്കുന്ന മറ്റൊരു ചിത്രവും ആളുകൾക്ക് ഏറെ ഇഷ്ടമായി. കൊച്ചുമകനിനെ കെട്ടിപിടിച്ചിരിക്കുംവിധം അദ്ദേഹം പ്രകടിപ്പിച്ച സ്നേഹവാത്സല്യം കുടുംബബന്ധത്തിന്റെ ദൃഢത വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങളിൽ ഏറെ ജനപ്രിയനായ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അടുത്തിടെ പിറന്ന ഇളയ പുത്രിയെ താലോലിക്കുന്ന ചിത്രം പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ടു പങ്കുവച്ചതും ആളുകൾ ഏറ്റെടുത്തു. മാർച്ചിലാണ് ഇളയപുത്രി ഹിന്ദ് ജനിച്ചത്.
അതേസമയം, അജ്മാൻ ഭരണാധികാരിയും കൊച്ചുമക്കളോടൊപ്പം പരമ്പരാഗത വേഷമണിഞ്ഞ് നിൽക്കുന്ന കുടുംബചിത്രം പങ്കുവച്ചു. ദുബായ് രാജകുടുംബാംഗമായ ഷെയ്ഖ് മാന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മാന അൽ മക്തൂം കുഞ്ഞുമകളുമായും ഷെയ്ഖ് മുഹമ്മദിന്റെ അടുത്തു നിൽക്കുന്നതും അദ്ദേഹം കുഞ്ഞിനെ നോക്കുന്നതുമായ ചിത്രവും നയനാനന്ദകരമായി.
