ബെംഗളൂരു: ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ടീമിലെ മുതിർന്ന അംഗം വിരാട് കോലിക്കെതിരെ പൊലീസിൽ പരാതി. സംഭവിച്ച ദുരന്തത്തിന് കോലി ഉത്തരവാദിയാണെന്നു ആരോപിച്ചാണ് സാമൂഹിക പ്രവർത്തകനായ എച്ച്.എം. വെങ്കിടേഷ് പരാതി നൽകിയിരിക്കുന്നത്. കബൺ പാർക്ക് പൊലീസിലാണ് പരാതി ലഭിച്ചത്.
അതേസമയം പരാതിയിൽ ഇതുവരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഏകാംഗ കമ്മീഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നു. ഹൈക്കോടതിയിൽനിന്നും വിരമിച്ച ജസ്റ്റിസ് ജോൺ മൈക്കൽ.ഡി.കുൻഹയാണ് ഏകാംഗ കമ്മീഷൻ.
അതേസമയം, തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മാർക്കറ്റിങ് ആൻഡ് റവന്യൂ ഹെഡ് നിഖിൽ സൊസാലെ, ബിസിനസ് അഫയേഴ്സ് വൈസ് പ്രസിഡന്റ് സുനിൽ മാത്യു, സീനിയർ ഇവന്റ് മാനേജർ കിരൺ കുമാർ, ഡിഎൻഎ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ സുമന്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ആർസിബി ധനസഹായം പ്രഖ്യാപിച്ചിരുന്നു.
