മിഠായിൽ കഞ്ചാവിന്റെ അംശം, കഴിക്കരുതെന്ന നിർദേശവുമായി ഗൾഫ് രാജ്യത്തെ ഭക്ഷ്യസുരക്ഷ അധികൃതർ

0
1154

2026 ജനുവരി വരെ കാലാവധിയുള്ള 1000ഗ്രാം പാക്കറ്റിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്

മസ്കറ്റ്: ഒമാനിൽ`ഹാരിബോ ഹാപ്പി കാൻഡി കോള ഫിസ്സ്’ എന്ന മിഠായി ഉൽപ്പന്നം ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്ററിന്റെ നിർദേശം. ഈ ഉൽപ്പന്നത്തിൽ കഞ്ചാവിന്റെ അംശം അടങ്ങിയിട്ടുള്ളതിനാലാണ് ഉൽപ്പന്നം വാങ്ങി ഉപയോഗിക്കരുതെന്ന് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. കോളയുടെ രുചിയിൽ വിപണികളിൽ ലഭ്യമാകുന്ന ഈ ഉൽപ്പന്നത്തിന്റെ നിർമാതാക്കൾ ഹരിബോ ഹാപ്പി ജിഎംബിഎച്ച് & കമ്പനി കെജി ആണ്.

2026 ജനുവരി വരെ കാലാവധിയുള്ള 1000ഗ്രാം പാക്കറ്റിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഡച്ച് ഫുഡ് ആൻഡ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഉൽപ്പന്നത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയർന്നുവന്നത്. തുടർന്നാണ് ഒമാനിലുടനീളം വിപണികളിൽ നിന്നും ഈ ഉൽപ്പന്നം ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകിയത്. ഈ ഉൽപ്പന്നം നെതർലൻ‍‍ഡ്സിൽ നിന്നുള്ളതാണ്. ഇതോടെ ഒമാനിലേക്ക് ഉൽപ്പന്നം കൊണ്ടുവരുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.