”എല്ലാരെത്തൊട്ടും പടച്ചോൻ കാക്കട്ടെ…..”; പ്രവാസികളുടെ കരുതലിനെ കുറിച്ച് വാട്സ്ആപ് സന്ദേശമയച്ച് മണിക്കൂറുകൾക്കകം മരണം, നൊമ്പരമായി, വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ: മയ്യിത്ത് ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

0
1245

ദോഹ: കഴിഞ്ഞ ദിവസം ദോഹയിൽ അന്തരിച്ച കോഴിക്കോട് കിണാശ്ശേരി സ്വദേശി മറക്കാൻകടവ് സ്വദേശി ഇസ്മയിലിന്റെ പെട്ടെന്നുള്ള വിയോഗം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി ഖത്തറിൽ ജോലി ചെയ്യുന്ന ഇസ്മായിൽ മരിക്കുന്നതിന്റെ തലേദിവസം രാത്രി സുഹൃത്തുക്കളുടെ വാട്സ്ആപ് ഗ്രൂപ്പിൽ അയച്ച സന്ദേശം അറംപറ്റിയത് പോലെയായെന്ന് സുഹൃത്തുക്കൾ പറയുന്നു. പ്രവാസികൾക്കിടയിലെ പെട്ടെന്നുള്ള മരണവും ഭാവിയെ കുറിച്ച ആശങ്കകളും കരുതലില്ലായ്മയെയും ഓർമിപ്പിച്ചു കൊണ്ടാണ് മണിക്കൂറുകൾക്ക് മുമ്പ് ഇസ്മായിൽ സുഹൃത്തുത്തുക്കൾക്ക് ശബ്ദസന്ദേശം അയച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചുപോയാൽ കയ്യിൽ ഒന്നുമില്ലാത്ത അവസ്ഥയുണ്ടാകരുതെന്നും ഇതിനായി ഓരോ മാസവും ഏറ്റവും ചുരുങ്ങിയത് ഇരുപത് റിയാലെങ്കിലും ഓരോരുത്തരും മാറ്റിവെക്കണമെന്നും ഇസ്മായിൽ ഈ ശബ്ദ സന്ദേശത്തിൽ സുഹൃത്തുക്കളെ ഓർമിപ്പിക്കുന്നുണ്ട്. തങ്ങളുടെ കൂട്ടായ്മയിലുള്ള ഇത്തരമൊരു പദ്ധതിയിൽ കുടിശിക വരുത്തിയവർക്കുള്ള ഓർമപ്പെടുത്തലായാണ് അദ്ദേഹം മരിക്കുന്നതിന്റെ തലേദിവസം ഈ സന്ദേശമയച്ചത്.

”മനുഷ്യരുടെ സ്ഥിതിയാണ്. ഓരോ ആളുകൾക്കും പെട്ടെന്നാണ് ഓരോ അസുഖങ്ങൾ വരുന്നത്, ഓരോ മരണങ്ങൾ സംഭവിക്കുന്നത്. എല്ലാരെത്തൊട്ടും പടച്ചോൻ കാക്കട്ടെ. അത്രയേ നമുക്ക് പറയാൻ പറ്റുള്ളൂ. ഒരു മാസം 20 റിയാൽ മാറ്റിവെച്ച് അത് 250 ഉം മുന്നൂറുമൊക്കെ ആയി വരികയാണ്. മറ്റുള്ള ആവശ്യങ്ങളൊക്കെ എല്ലാരും ചെയ്യുന്നുമുണ്ട്. നമുക്ക് വേണ്ട കാര്യങ്ങൾ നമ്മൾ ചെയ്യുന്നില്ല. നാട്ടിലുള്ള ഒരാൾക്ക് അസുഖം വന്നാൽ നമ്മൾ അവിടുന്നും ഇവിടുന്നും കടം വാങ്ങി ഞാനടക്കം എല്ലാരും കൊടുക്കും. നമ്മളെല്ലാവരും ശ്രദ്ധിക്കുക. നമ്മൾ പ്രവാസികളാണ്. ചെറിയൊരു പ്രശ്നം മതി, ഒരാൾ കാൻസലായി വരെ നാട്ടിലേക്ക് പോകാൻ. പെട്ടെന്നൊരു അസുഖം വരാനും ചെറിയൊരു കാരണം മതി. എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണം. ആർക്കെങ്കിലും പൈസ കളക്റ്റ് ചെയ്യാനോ മറ്റോ ഉണ്ടെങ്കിൽ എല്ലാറ്റിനും ഞാൻ കൂടെയുണ്ടാവും…..”
ചെറിയൊരു അസുഖം വന്ന് അവയവം വരെ മുറിച്ചുമാറ്റേണ്ടി വന്ന സ്വന്തം അനുജന്റെ അനുഭവങ്ങളും ഇസ്മായിൽ ശബ്ദസന്ദേശത്തിൽ ഓർമിപ്പിക്കുന്നുണ്ട്.

ഇന്നലെ, തിങ്കളാഴ്ച വൈകീട്ടോടെയാണ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഇസ്മായിലിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 12 മണിക്ക് സുഹൃത്ത് വിളിച്ചപ്പോൾ സംസാരിക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെടുന്നതായി അറിയിച്ച് ഫോൺ കട്ടാക്കുകയായിരുന്നു. പിന്നീട് പല തവണ വിളിച്ചുനോക്കിയെങ്കിലും ഫോൺ എടുത്തിരുന്നില്ല. പിന്നീട് സുഹൃത്ത്  പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്കൈവേ റെന്റ് എ കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.പിതാവ് : ഇബ്രാഹിം  മാതാവ് : മറിയംബി  ഭാര്യ : നാദിറ ഇസ്മായിൽ. മൂന്ന് പെൺകുട്ടികളുണ്ട്. ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് ഇന്ന് രാത്രി ഖത്തർ എയർവെയ്‌സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക