ഈ വർഷത്തെ അറഫ പ്രസംഗം മലയാളത്തിലും കേള്‍ക്കാം

0
716

നമിറ പള്ളിയില്‍ നിന്നുള്ള പ്രഭാഷണം ഇത്തവണ 34 ഭാഷകളില്‍ ലോകത്തിന് കേള്‍ക്കാനാവും, കഴിഞ്ഞ വര്‍ഷം 20 ഭാഷകളിലായിരുന്നു വിവര്‍ത്തനം

മക്ക: ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫ സംഗമത്തോടനുബന്ധിച്ച് നടക്കുന്ന അറഫ പ്രസംഗം ഇത്തവണ മലയാളത്തിലും കേള്‍ക്കാം. നമിറ പള്ളിയില്‍ നിന്നുള്ള പ്രഭാഷണം ഇത്തവണ മലയാളമുള്‍പ്പെടെ 34 ഭാഷകളില്‍ ലോകത്തിന് കേള്‍ക്കാനാവും.

കഴിഞ്ഞ വര്‍ഷം 20 ഭാഷകളിലായിരുന്നു വിവര്‍ത്തനം. വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനും മസ്ജിദുല്‍ ഹറമിലെ വിവര്‍ത്തന കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ‘ഹജ്ജ് ഖുതുബ’ (പ്രഭാഷണം) അവരുടെ ഭാഷകളില്‍ മനസിലാക്കാന്‍ ബൃഹത്തായ പദ്ധതികളാണ് ഇരുഹറം കാര്യാലയ അതോറിറ്റി നടപ്പാക്കുന്നത്. സൗദിയില്‍ പ്രമുഖ പണ്ഡിതനും ഉന്നത പണ്ഡിത സഭാംഗവും ഹറം ഇമാമും ഖതീബുമായ ഡോ. ശൈഖ് സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ് ആണ് അറഫ പ്രസംഗം നടത്തുന്നത്.


അറബിക്, ഉറുദു, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യന്‍, പേര്‍ഷ്യന്‍ (ഫാര്‍സി), ഹൗസ, ചൈനീസ് (മന്ദാരിന്‍), റഷ്യന്‍, ബംഗാളി, ടര്‍ക്കിഷ്, മലായ് (ബഹാസ മേലായു), സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, ജര്‍മന്‍, ഫിലിപ്പിനോ (ടഗാലോഗ്), അംഹാരിക് (ഇത്യോപ്യ), ബോസ്‌നിയന്‍, ഹിന്ദി, ഡച്ച്, തായ്, മലയാളം, സ്വാഹിലി, പഷ്‌തോ, തമിഴ്, അസര്‍ബൈജാനി, സ്വീഡിഷ്, ഉസ്‌ബെക്ക്, അല്‍ബേനിയന്‍, ഫുലാനി (ഫുല), സൊമാലി, റോഹിംഗ്യ, യൊറൂബ തുടങ്ങിയ ഭാഷകളിലാണ് ഇത്തവണ വിവര്‍ത്തനം ചെയ്യുന്നത്.