സ്വരാജും അൻവറും മോഹൻ ജോർജും ഇന്ന് പത്രിക സമർപ്പിക്കും; നിലമ്പൂരിൽ ഇനി പോരാട്ടത്തിന്റെ കാലം

0
153

നിലമ്പൂർ: ഉപതിപരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി. അൻവർ, ബിജെപി സ്ഥാനാർഥി മോഹൻജോർജ് എന്നിവർ ഇന്ന് നാമനിദേശപത്രിക സമർപ്പിക്കും. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

രാവിലെ പത്തരയോടെയാണ് എം. സ്വരാജ് പത്രിക സമർപ്പിക്കുക. പതിനൊന്നോടെ പി.വി. അൻവർ പത്രിക സമർപ്പിക്കും. ഉച്ചക്ക് ഒന്നരയോടെ ബിജെപി സ്ഥാനാർഥി പത്രിക സമർപ്പിക്കും. പ്രകടനങ്ങളായി ശക്തി തെളിയിച്ചായിരിക്കും സ്ഥാനാർഥികൾ നിലമ്പൂർ താലൂക്ക് ഓഫീസിലേക്ക് എത്തുക. പിന്തുണ അഭ്യർഥിച്ച് സ്ഥാനാർഥികൾ ഫേസ്ബുക്കിൽ കുറിപ്പിട്ടു.

സ്ഥാനാർത്ഥി പ്രഖ്യാപന നിമിഷം മുതൽ നിലമ്പൂർ നിയോജക മണ്ഡലത്തിലെമ്പാടും അഭൂതപൂർവമായ ജനപിന്തുണയാണ് എൽഡിഎഫിന് ലഭിക്കുന്നതെന്ന് എം. സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവരുടേയും പിന്തുണയും സഹകരണവും പ്രാർത്ഥനകളും ഉണ്ടാവണമെന്ന് പി.വി. അൻവർ കുറിച്ചു.

നിലമ്പൂരിൽ അവസാന നിമിഷം മുൻ എംഎൽഎ പി.വി. അൻവർ കൂടി മത്സരരംഗത്തെത്തിയത് സമീപകാലത്ത് കേരള രാഷ്ട്രീയം കണ്ട വലിയൊരു ഉപതിരഞ്ഞെടുപ്പിനാണ് വേദിയായത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ പ്രചാരണം കൊഴുക്കും.

ആദ്യഘട്ടത്തിൽ മത്സരത്തിൽനിന്ന് പിന്നോട്ട് പോയ ബിജെപി പിന്നീട് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്ന വിമർശനത്തിന്റെ അടിസ്ഥാനത്തിൽ കേരള കോൺഗ്രസ് മുൻ നേതാവിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫിൽ സഖ്യകക്ഷിയാകാമെന്ന് പ്രതീക്ഷ പുലർത്തിയിരുന്ന അൻവർ, അത് നടക്കാതെ വന്നതോടെ അവസാന നിമിഷം സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തിനെതിരേ അൻവർ രംഗത്തെത്തിയിരുന്നു. ഇത് യുഡിഎഫിലേക്കുള്ള അൻവറിന്റെ പ്രവേശനം പ്രതിസന്ധിയിലാക്കുകയായിരുന്നു. യുഡിഎഫിലേക്കുള്ള എല്ലാ വാതിലും അടഞ്ഞതോടെയാണ് അൻവർ സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടന്നത്.