ഉപതിരഞ്ഞെടുപ്പ് വഞ്ചനയുടെ ഫലം, സ്വരാജിന് ക്ലീന്‍ ഇമേജ്; മുഖ്യമന്ത്രി
നിലമ്പൂര്‍: ഒരു വഞ്ചന കാരണമാണ് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുൻ എം. എൽ. എ പി.വി.അൻവറിനെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ക്ലീന്‍ ഇമേജ് ആണെന്നും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഏറ്റവും വലിയ വഞ്ചന കാണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ഉണ്ടായത്. നിലമ്പൂരിലുള്ളവര്‍ക്ക് സ്വരാജിനെ നേരിട്ടറിയാം. ഇതുവരെ എല്‍ഡിഎഫിന്റെ പരിപാടിയില്‍ സജീവമായി പങ്കെടുക്കാത്ത, അനേകം ആളുകൾ ഇന്നലെ സ്വരാജിനെ സ്വീകരിക്കാനെത്തി. പ്രത്യേക വികാരത്തോടെ സ്ഥാനാര്‍ഥിത്വം നാട് സ്വീകരിച്ചിരിക്കുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. അതില്‍ ആശ്ചര്യമില്ല. ഇതുവരെയുള്ള പൊതുപ്രവര്‍ത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിര്‍ത്തുന്ന നേതാവാണ് സ്വരാജ്. ആരുടെ മുന്നിലും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ അദ്ദേഹത്തിന് സാധിക്കും’-മുഖ്യമന്ത്രി പറഞ്ഞു.
വാരിയംകുന്നന്റെയും സഖാവ് കുഞ്ഞാലിയുടെയും പോരാട്ടത്തിന് സാക്ഷ്യംവഹിച്ച മണ്ണാണിത്. ഒപ്പംതന്നെ വാരിയംകുന്നനെ പിടികൂടാന്‍ ചതി കാണിച്ചവരുടെ മണ്ണുംകൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. അതില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല എല്‍ഡിഎഫ്. നല്ല വിജയപ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ആളുകളെ പറഞ്ഞ് പറ്റിക്കുന്ന രീതി എല്‍ഡിഎഫിനില്ല എന്നത് ജനങ്ങള്‍ക്ക് അനുഭവമാണ്. വീരപ്പന്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ കാണാന്‍ ചെന്നു. അന്ന് അയാളോട് വീരപ്പന്‍ ചോദിച്ചു, എന്നെ കുറിച്ച് വാര്‍ത്തകള്‍ ചെയ്യുന്ന നിങ്ങള്‍ കേരളത്തില്‍ ഒരു മന്ത്രി തന്നെ മരംവെട്ടുന്നത് എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ആ കാലത്ത് ആ മന്ത്രിയുടെ സഹായിയായി മരംവെട്ടാന്‍ അവിടെ ചെന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് എല്‍ഡിഎഫിനെ ബാധിക്കില്ല. അതൊന്നും എല്‍ഡിഎഫിന്റെ കാലത്തുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
