രാഹുല്‍ മാങ്കൂട്ടത്തില്‍ രാത്രി അൻവറിൻ്റെ വീട്ടിൽ; അനുനയിപ്പിക്കാനുളള നീക്കം തുടര്‍ന്ന് കോണ്‍ഗ്രസ്

മലപ്പുറം: പി വി അന്‍വറിനെ അനുനയിപ്പിക്കാനുളള നീക്കം തുടര്‍ന്ന് കോണ്‍ഗ്രസ്. പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ രാത്രിയാണ് രാഹുല്‍ അന്‍വറിന്റെ ഒതായിലെ വീട്ടിലെത്തിയത്. പതിനൊന്ന് മണിക്ക് എത്തിയ രാഹുല്‍ മടങ്ങിയത് പന്ത്രണ്ട് മണിയോടെ. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിന്റെ വീട്ടില്‍ നിന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

യുഡിഎഫിലേക്ക് ഇല്ലെന്നും ഇനി ചര്‍ച്ചയ്ക്കായി ഒരു നേതാവും തന്നെ വിളിക്കേണ്ടെന്നും പി വി അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് അനുനയ നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിനെ കണ്ടത്.

കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളെല്ലാം ആത്മാര്‍ത്ഥമായിട്ടു തന്നെയാണ് തന്നെ വിളിക്കുന്നതെന്നും എല്ലാവരോടും നോ പറയാന്‍ പ്രയാസമുളളതുകൊണ്ടാണ് തന്നെ വിളിക്കരുതെന്ന് പറഞ്ഞതെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. ഒരു ചതിക്കുഴിയിലേക്ക് ഒരാള്‍ തന്നെ കൊണ്ടുപോകുമ്പോള്‍ എന്താണ് ചെയ്യുകയെന്നും അതുകൊണ്ടാണ് ആരോടും ചര്‍ച്ചയില്ല, തിരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് പറഞ്ഞതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

അൻവർ മത്സരിക്കുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. അൻവറിൻ്റെ കാര്യത്തിൽ ഇനി പ്രതീക്ഷ വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചാൽ അൻവറിൻ്റെ തൃണമൂൽ കോൺഗ്രസിന് യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം അൻവർ തള്ളുകയായിരുന്നു.