മംഗളൂരുവില്‍ വീടിന് മുകളില്‍ കുന്നിടിഞ്ഞ് വീണ് കുട്ടികളടക്കം മൂന്ന് മരണം; രണ്ട് പേരെ രക്ഷിക്കാൻ ശ്രമം

മംഗളൂരു: കനത്ത മഴയില്‍ കര്‍ണാടകയിലെ മംഗളൂരുവില്‍ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു. ഉള്ളാള്‍ മൊണ്ടേപടവുലില്‍ കാന്തപ്പ പൂജാരിയുടെ വീടിന് മുകളിലാണ് ചെറു കുന്ന് ഇടിഞ്ഞുവീണത്.

കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ ലത(50) ഇവരുടെ പേരക്കുട്ടികളായ നൈമ (10), ഒരു വയസ്സുകാരന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ മരുമകളെയും മറ്റൊരു കുട്ടിയെയും പുറത്തെടുക്കാനുള്ള എന്‍ ഡി ആര്‍ എഫ് സംഘത്തിന്റെ ശ്രമം തുടരുകയാണ്. പൂജാരിയെയും ഒരു കുഞ്ഞിനെയും രക്ഷപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ട് വീടുകളുടെ മുകളിലേക്കാണ് കുന്നിടിഞ്ഞു വീണത്. മണ്ണിടിച്ചിലില്‍ വീടിന്റെ ജനാല വേര്‍പെട്ട് ദേഹത്ത് പതിച്ചാണ് നൈമ മരിച്ചത്.

ദക്ഷിണ കന്നഡ ജില്ലയില്‍ മഴയും കാറ്റും ശക്തമായി തുടരുകയാണ്. വീടുകളില്‍ വെള്ളം കയറിയതിനാല്‍ ജനജീവിതം ദുസ്സഹമായി. കുമ്പള, കല്ലപ്പ്, ധര്‍മ്മനഗര്‍, ഉച്ചില, തലപ്പാടി, വിദ്യാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മിക്ക കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. ബൈക്കുകളും കാറുകളും വെള്ളത്തില്‍ മുങ്ങി പോയി. വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഉത്തരകന്നഡാ, ബെലഗാവി ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. കൊങ്കണ്‍ പാതകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. കര്‍ണാടകയിലെ തീരദേശ- മലനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.