ഇടുക്കിയിൽ നിർത്തിയിട്ട ലോറിക്കുമുകളിൽ മരംവീണ് അപകടം; ഒരാൾ മരിച്ചു

ഇടുക്കി: കുമളി അതിര്‍ത്തി ചെക്ക്പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ലോറിക്ക് മുകളില്‍ വന്‍മരംവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. ചങ്ങനാശ്ശേരി സ്വദേശി ശ്രീജിത്ത് (19) ആണ് മരിച്ചത്. ഒരാളെ സാരമല്ലാത്ത പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

മരത്തിന്റെ ചില്ലകള്‍ ഒരു മണിക്കൂറിലധികം നീണ്ട പ്രയത്‌നത്തിനൊടുവില്‍ വെട്ടിമാറ്റിയാണ് ശ്രീജിത്തിനെ വാഹനത്തിൽനിന്ന് പുറത്തെടുക്കാനായത്. തുടര്‍ന്ന് തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തടി നിറച്ചെത്തിയ ലോറിയില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ഭക്ഷണം കഴിക്കാനായി ഇറങ്ങി. മറ്റുരണ്ടുപേര്‍ ലോറിയില്‍ത്തന്നെ ഇരുന്നു. ഇതിനിടെയാണ് മരം ലോറിക്കു മുകളില്‍ പതിച്ചത്. ഒരാളെ ചെറിയ പരിക്കുകളോടെ ഉടന്‍തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാല്‍, രണ്ടാമത്തെയാളെ രക്ഷപ്പെടുത്താൻ ലോറിയിലെ ഇരിപ്പിടത്തിനു മുകളിൽ നിറഞ്ഞ ശിഖരങ്ങൾ തടസ്സമായി. തുടർന്ന് ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമിച്ചാണ് ചില്ലകൾ വെട്ടിമാറ്റിയത്.

ശ്രീജിത്തിനെ പുറത്തെടുത്തപ്പോൾത്തന്നെ അനക്കമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റയാളെ കുമളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ലോറിക്കു പുറമേ ബസ്സിനുമുകളിലും മരം പതിച്ചിരുന്നു.