ജിദ്ദ: സൗദി അറേബ്യ അടക്കം നാലു രാജ്യങ്ങളിലെ പൗരന്മാർക്ക് ടൂറിസം, ബിസിനസ്സ്, ബന്ധുക്കളെ സന്ദർശിക്കൽ, ട്രാൻസിറ്റ് എന്നിവക്കായി 30 ദിവസത്തിൽ കൂടാത്ത കാലയളവിലേക്ക് വിസയില്ലാതെ ചൈനയിൽ പ്രവേശിക്കാൻ കഴിയുമെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് മാവോ നിംഗ് പത്രക്കുറിപ്പിൽ പറഞ്ഞു.
അടുത്ത ജൂൺ ഒമ്പതു മുതൽ 2026 ജൂൺ എട്ടു വരെ ഇത് പ്രാബല്യത്തിലുണ്ടാകും.
2018 മുതൽ യു.എ.ഇയും ഖത്തറും ചൈനയുമായി പരസ്പര വിസ രഹിത കരാറുകൾ ഉണ്ടാക്കിയിരുന്നു. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള സാധാരണ പാസ്പോർട്ട് ഉടമകളെ കൂടി വിസ രഹിത നയത്തിൽ ഉൾപ്പെടുത്തിയതോടെ ചൈനക്ക് ഇപ്പോൾ എല്ലാ ഗൾഫ് രാജ്യങ്ങളുമായും സമഗ്രമായ വിസ രഹിത സംവിധാനം നിലവിൽവന്നു. ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരോട് ചൈന സന്ദർശിക്കാൻ മാവോ നിംഗ് ആഹ്വാനം ചെയ്തു.





