മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനായി പാലം വലിച്ചത് ആര്യാടന്‍ ഷൗക്കത്ത് ആണെന്ന് സിപിഐഎം. ഇതിന്റെ ഫലമായാണ് വി വി പ്രകാശിന്റെ കുടുംബം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഷൗക്കത്തിനെതിരെ തിരിഞ്ഞതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു.
‘രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ നിലമ്പൂര്‍ വിധിയെഴുതും’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് ഗുരുതര ആരോപണം. 2021 ല്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി പ്രകാശിനെതിരെ പി വി അന്‍വര്‍ 2000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്.
വി വി പ്രകാശന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നതെന്നും എം വി ഗോവിന്ദന്‍ ചൂണ്ടികാട്ടി. ‘അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരന്റെ മനസ്സിലും എരിയും’ എന്നായിരുന്നു വി വി പ്രകാശിന്റെ മകളുടെ പോസ്റ്റ്. ഈ ഘട്ടത്തില്‍ ജയം ഉറപ്പിക്കാന്‍ ബിജെപിയുമായും മുസ്ലിം മതമൗലികവാദികളുമായും ചേര്‍ന്ന് മഴവില്‍ സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനില്ലെന്നും ബിഡിജെഎസിന് വിട്ടുനല്‍കുകയും ചെയ്യുകയാണെങ്കില്‍ പട്ടാമ്പി, ബേപ്പൂര്‍, വടകര മോഡല്‍ ആവര്‍ത്തിക്കാനാണ് ശ്രമമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
