ആഗോളതലത്തിൽ പുതിയ കൊവിഡ്-19 കേസുകൾ ഉയരുന്നു, പുതിയ വകഭേദം NB.1.8.1

0
397

ജനീവ: NB.1.8.1 എന്ന് നാമകരണം ചെയ്യപ്പെട്ട ഒരു പുതിയ COVID-19 വകഭേദം കിഴക്കൻ മെഡിറ്ററേനിയൻ, തെക്കുകിഴക്കൻ ഏഷ്യ, പടിഞ്ഞാറൻ പസഫിക് മേഖലകളിൽ ക്രമാതീതമായി വർധിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. മെയ് പകുതിയോടെ NB.1.8.1 വകഭേദം യുഎസ് വിമാനത്താവളങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, വിർജീനിയ, ന്യൂയോർക്ക് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരിൽ നിന്നാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

എൻ ബി.1.8.1, എൽ എഫ് 7 വകഭേദങ്ങൾ ഇന്ത്യക്ക് പുറമെ മറ്റ് ഏഷ്യൻ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിപ്പോൾ ഇന്ത്യയിലെ പ്രബലമായ വകഭേദമായി തുടരുന്നു. ഒമിക്രോൺ വകഭേദത്തിന്‍റെ ഉപ വംശപരമ്പരകളാണ് എൻ ബി.1.8.1, എൽ എഫ് 7. ഇവ ജെ എൻ.1 എന്ന ഉപ വകഭേദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നും ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ വകഭേദത്തെ നിലവിൽ “നിരീക്ഷണത്തിലിരിക്കുന്ന വകഭേദം” ആയിട്ടാണ് WHO പെടുത്തിയിരിക്കുന്നത്. ഇത് നിലവിൽ കുറഞ്ഞ പൊതുജനാരോഗ്യ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ കണ്ടെത്തിയ വകഭേദത്തിന് നിലവിലുള്ള വാക്സിനുകൾ ഫലപ്രദമാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. കൂടാതെ ഈ വകഭേദം മുമ്പത്തെ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുമെന്നും കണ്ടെത്തിയിട്ടില്ല.

എൻ ബി.1.8.1 ആദ്യമായി 2025 ഏപ്രിലിൽ തമിഴ്‌നാട്ടിലാണ് തിരിച്ചറിഞ്ഞത്. മെയിൽ ഗുജറാത്തിൽ നാല് എൽ എഫ് 7 കേസുകളും കണ്ടെത്തി. ചില രാജ്യങ്ങളിൽ വ്യാപകമായ കേസുകളും ആശുപത്രിവാസങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും എൻ ബി.1.8.1 വകഭേദം പ്രചാരത്തിലുള്ള മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമായ രോഗത്തിലേക്ക് നയിക്കുന്നുവെന്ന് നിലവിലെ ഡാറ്റ സൂചിപ്പിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഈ വകഭേദങ്ങൾ എങ്ങനെയാണ് പരിവർത്തനം ചെയ്യപ്പെട്ടത്?

രണ്ട് വകഭേദങ്ങളിലും സ്പൈക്ക് പ്രോട്ടീനിൽ ഒന്നിലധികം മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുണ്ട്. ഇത് അവയുടെ വ്യാപനശേഷിയും രോഗപ്രതിരോധ പ്രതികരണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള കഴിവും വർധിപ്പിക്കുന്നു. ഉദാഹരണത്തിന്, എൻ ബി.1.8.1ൽ എ435എസ്, വി445എച്ച്, ടി478എൽ തുടങ്ങിയ മ്യൂട്ടേഷനുകൾ ഉൾപ്പെടുന്നു. ഇത് മുമ്പത്തെ ഒമിക്രോൺ ഉപ വകഭേദങ്ങളെ അപേക്ഷിച്ച് ഏകദേശം 1.5 മടങ്ങ് കൂടുതൽ പകർച്ചവ്യാധിയേറ്റുന്നു.