ഒറ്റപ്പെടുത്തില്ല, പി.വി. അൻവറിനെ തള്ളാതെ കെസി വേണുഗോപാൽ

നിലമ്പൂർ: പി.വി. അൻവറിനെ തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അൻവർ ഇടതുമുന്നണിയിൽ നിന്ന് ഇറങ്ങിപ്പോയതിനെ പ്രകീർത്തിച്ചുകൊണ്ട് സംസാരിച്ച വേണുഗോപാൽ, അൻവറിനെ ഒറ്റപ്പെടുത്തില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച വിഷയത്തിൽ വ്യക്തമായൊരു മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.

ലീഗ് നേതാക്കളും പ്രതിപക്ഷ നേതാവും അടക്കമുള്ളവരുമായി ചർച്ച നടത്തും. എന്താണ് ആശയവിനിമയത്തിലെ തകരാർ എന്നത് പരിശോധിക്കും. അതിനുശേഷം അൻവറിന്റെ കാര്യത്തിൽ തീരുമാനമെടുക്കാം എന്നാണ് കെ.സി വേണുഗോപാലിന്റെ പ്രതികരണം.

സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരായിട്ടും അഴിമതിക്കെതിരായിട്ടും ചില നിലപാടുകൾ ഉയർത്തിപ്പിടിച്ച് പി.വി അൻവർ രാജിവെച്ചതാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് കാരണം. സർക്കാരിന്റെ അഴിമതിക്കെതിരായി, സർക്കാരിനെ താഴെയിറക്കാൻ വേണ്ടിയുള്ള നടപടികളുടെ ആദ്യപടിയായിരുന്നു അദ്ദേഹത്തിന്റെ രാജി. അദ്ദേഹത്തിന്റെ വികാരം മാനിക്കണമെന്നാണ് യുഡിഎഫിന്റേയും പൊതുവായ വികാരം. അൻവറിനെ ഒറ്റപ്പെടുത്തണമെന്നോ മാറ്റിനിർത്തണമെന്നോ ഉള്ള ചിന്താഗതി യുഡിഎഫിൽ ആർക്കും ഇല്ല. ആശയവിനിമയത്തിൽ വന്ന പിഴവ് എന്താണോ അത് സംസാരിച്ച ശേഷമേ മനസ്സിലാകൂ.

അൻവർ ഉയർത്തിയ പോരാട്ടത്തിന് വേണ്ടിയാണ് ഞങ്ങളും മുന്നിൽ നിൽക്കുന്നത്. അത് ശക്തമായി ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ സർക്കാർ ജനവിരുദ്ധ സർക്കാരാണ്. സർക്കാരിന്റെ അവസാനം തുടങ്ങുന്ന നിലമ്പൂരിന്റെ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ ആയിരിക്കും- വേണു ഗോപാൽ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെതിരേയാണ് താങ്കൾ സംസാരിക്കുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്; പ്രതിപക്ഷ നേതാവായാലും കെപിസിസി പ്രസിഡന്‍റ് ആയാലും മറ്റു കോൺഗ്രസ് ഉന്നത നേതാക്കളായാലും ആർക്കും ഇക്കാര്യത്തിൽ അൻവറിനെ ഒറ്റപ്പെടുത്തണമെന്നോ മോശമാക്കണമെന്നോ ഉള്ള വിചാരം ഉണ്ടെന്ന് തോന്നുന്നില്ല.

ഇടതുപക്ഷ മുന്നണിക്കെതിരേ ശക്തമായ ആക്രമണം അഴിച്ചുവിടുന്ന നിൽക്കുന്ന ആളായതുകൊണ്ട് അദ്ദേഹത്തെ സംരക്ഷിക്കാനാവശ്യമായ ഘട്ടം വന്നാൽ അത് വേണമെന്ന് ചിന്തിക്കുന്ന ആളായിട്ടാണ് അവരെയൊക്കെ കണ്ടത്- കെസി കൂട്ടിച്ചേർത്തു.

യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്ന കാര്യവും അന്‍വര്‍ തീരുമാനിക്കട്ടെയെന്നും യുഡിഎഫ് നിലപാട് അതിനുശേഷം പറയാമെന്നും സതീശന്‍ പറയുകയുണ്ടായി. എന്നാല്‍ സതീശന്റെ ഈ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി പി.വി.അന്‍വര്‍ ഇന്ന് രംഗത്തെത്തിയിരുന്നു.

യുഡിഎഫ് പ്രവേശനവും സഹകരണവും ആവശ്യപ്പെട്ട് നാലുമാസമായി കത്ത് നല്‍കി കാത്തിരിക്കുകയാണെന്നും വി.ഡി.സതീശനെ യുഡിഎഫ് നേതാക്കാള്‍ തീരുമാനം പ്രഖ്യാപിക്കാന്‍ ചുമതലപ്പെടുത്തിയിട്ടും അദ്ദേഹം അത് നടപ്പിലാക്കുന്നില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. വസ്ത്രാക്ഷേപം നടത്തിയ തനിക്കുമേല്‍ സതീശന്‍ ചെളിവാരി എറിയുക കൂടിയാണ് ചെയ്തിരിക്കുന്നതെന്നും അന്‍വര്‍ പ്രതികരിച്ചിരുന്നു.

അതേസമയം അന്‍വറിന് താന്‍ മറുപടി പറയുന്നില്ലെന്നും യുഡിഎഫ് നേതൃത്വം അക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.