വടക്കാഞ്ചേരി: ഇരുമ്പുഗ്രില്ലിൽനിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക(41)യാണ് മരിച്ചത്. സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്ക്, രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് പരിക്കേറ്റു.
ലൈഫ് മിഷൻ പദ്ധതിയിൽ വീടുനിർമാണം നടക്കുന്നതിനാൽ ഇവർ പുന്നംപറമ്പിലെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിനു പിറകിലെ ഇരുമ്പുഗ്രില്ലിൽ പിടിച്ച ഉടൻ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കരച്ചിൽ കേട്ട് മകൾ ദേവാഞ്ജനയും സഹോദരൻ രതീഷും രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചുവീണു.
മൂന്നുപേരെയും വടക്കാഞ്ചേരി ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രേണുകയെ രക്ഷിക്കാനായില്ല. അധികൃതരുടെ പരിശോധനയ്ക്കു ശേഷമേ ഗ്രില്ലിൽ എങ്ങനെ വൈദ്യുതിയെത്തിയെന്ന് അറിയാൻ കഴിയൂ.
