കടുത്ത ചൂട്: ഹറമിലും മസ്‌ജിദുന്നബവിയിലും വെള്ളിയാഴ്ച ഖുതുബ ചുരുക്കാൻ നിർദ്ദേശം

മക്ക: ഹജ് സീസണിൽ ഹറമിലും മസ്‌ജിദുന്നബവിയിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ചുരുക്കാനും ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറക്കാനും ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഇരു ഹറമുകളിലെയും ഇമാമുമാരോടും ഖതീബുമാരോടും നിർദേശിച്ചു. മക്കയിലും മദീനയിലും അനുഭവപ്പെടുന്ന കഠിനമായ ചൂടും തീർഥാടകരുടെ സാഹചര്യങ്ങളും കണക്കിലെടുത്തും അവരുടെ സുരക്ഷ കാത്തുസൂക്ഷിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. കടുത്ത ചൂടിൽ വിശ്വാസികൾക്കും തീർഥാടകർക്കും ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും കാര്യങ്ങൾ എളുപ്പമാക്കാനും ഇത്തരമൊരു ക്രമീകരണം ആവശ്യമാണ്.

തീർഥാടകരുടെ ഒഴുക്ക് മൂലം ഹറമിലും മസ്ജിദുന്നബവിയിലും കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഹജ് സീസണിൽ ഉയർന്ന താപനിലാണ് മക്കയിലും മദീനയിലുമുള്ളത്. തീർഥാടകരെ സൂര്യാഘാതം, ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ, ക്ഷീണം എന്നിവയിൽ നിന്ന് തടയേണ്ടതും ഒഴിവാക്കേണ്ടതും പ്രാധാനമാണ്. ഇക്കാര്യങ്ങളും വിശ്വാസികരുടെ പൊതുതാൽപര്യം കണക്കിലെടുത്തും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഇല്ലാതാക്കാനും കാര്യങ്ങൾ സുഗമമാക്കാനും ശ്രമിച്ചാണ് ഇരു ഹറമുകളിലും ജുമുഅ ഖുതുബ, നമസ്കാര സമയം ചുരുക്കാൻ തീരുമാനിച്ചത്. ഇതു പ്രകാരം എല്ലാ നമസ്കാരങ്ങളിലും ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള കാത്തിരിപ്പ് സമയം അഞ്ചു മുതൽ പത്തു മിനിറ്റ് വരെയായി കുറക്കണം. വെള്ളിയാഴ്ച ഖുതുബയും നമസ്‌കാരവും കൂടി 15 മിനിറ്റിൽ കവിയാനും പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.