റിയാദ്: കോഴിക്കോട് സ്വദേശി അബ്‌ദുറഹീമിന്റെ മോചനത്തിന് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ശ്രമം തുടങ്ങി. 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കണമെന്ന ഇന്നലെത്തെ കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സഹായസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ അനുഭവിച്ച ശിക്ഷ കാലാവധിയടക്കം ഇരുപത് വർഷത്തെ തടവുശിക്ഷയാണ് റഹീമിന് ഇന്നലെ റിയാദ് ക്രിമിനൽ കോടതി വിധിച്ചത്. സൗദി ബാലനായ അനസ് അൽശഹ്റിയെ കൊല്ലുകയും കുറ്റം മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്ത കുറ്റത്തിനാണ് ശിക്ഷ പ്രഖ്യാപിക്കുന്നതെന്ന് വിധി പ്രസ്താവത്തിലുണ്ട്.
വാദി ഭാഗമായ പബ്ലിക് പ്രോസിക്യൂഷനും റഹീമിനും വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശമുണ്ട്. നിരവധി പ്രാവശ്യം മാറ്റിവെച്ച ശേഷമാണ് കേസിൽ ഇന്നലെ വാദം കേട്ട് വിധിപ്രഖ്യാപനമുണ്ടായത്.
2006 ഡിസംബർ 24നാണ് റഹീം റിയാദ് ജയിലിലായത്. 20 വർഷം പൂർത്തിയാക്കുന്നത് 2026 ഡിസംബർ 24 ആയിരിക്കും. എന്നാൽ ജയിലിലെ നല്ല നടപ്പ് മാനിച്ച് അതിന് മുമ്പ് തന്നെ മോചനത്തിന് സാധ്യതയുണ്ട്. നേരത്തെ സമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച 15 മില്യൻ റിയാൽ കൊല്ലപ്പെട്ട അനസിൻ്റെ ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
