മോഹൻലാൽ ചിത്രമായ ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ ഇഷ്ട താരമായ ആളാണ് ശ്രീയ. മലയാളത്തിലും തെലുങ്കിലും സീരിയൽ രംഗത്ത് സജീവമാണ് താരം. ഇപ്പോഴിതാ ഒരു സീരിയൽ ഷൂട്ടിങ്ങിനിടെ സാരിയിൽ തീ പടരുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.
ലൊക്കേഷൻ വിഡിയോയാണ് പങ്കുവച്ചത്. തെലുങ്ക് സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ‘ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശ്ശീലയ്ക്ക് പിന്നിൽ.’ വിഡിയോയ്‌ക്കൊപ്പം ശ്രീയ രമേഷ് കുറിച്ചു.
ശ്രീയയുടെ സാരിയുടെ തുമ്പത്ത് തീ പടരുന്നതും സാരി ഊരിമാറ്റി പേടിച്ച് നിലവിളിക്കുന്നതും കാണാം. സഹപ്രവർത്തകർ അന്തംവിട്ടു നോക്കിനിൽക്കെ മറ്റൊരു സഹതാരം ഒരു കാർപ്പറ്റ് കൊണ്ട് തീ അണയ്ക്കുകയായിരുന്നു. തീ അപകടം, തെലുങ്ക് സീരിയൽ എന്നീ ഹാഷ്ടാഗുകളോടെയാണ് ശ്രീയ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.