ആശുപത്രിയില്‍ പോയ ജയില്‍പുള്ളികള്‍ക്ക് ഹോട്ടലില്‍ സ്ത്രീകള്‍ക്കൊപ്പം സുഖവാസം; ഒത്താശ ചെയ്ത് പോലീസുകാര്‍

0
1666

ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞദിവസം 5 തടവുകാരെ സവായ് മാന്‍സിങ് ആശുപത്രിയില്‍ ചികില്‍സയ്ക്കായി കൊണ്ടുപോയി. ഇതില്‍ നാലുപേര്‍ ശനിയാഴ്ച വൈകിട്ട് 5.30ന് തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ആരും തിരികെയെത്തിയില്ല.

വിവരം ചോര്‍ന്നതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു. രാവും പകലും നീണ്ട തിരച്ചിലിനൊടുവില്‍ എല്ലാവരെയും കണ്ടെത്തി. അപ്പോഴാണ് പൊലീസ് ശരിക്കും ഞെട്ടിയത്.

കൊലപാതകം, ബലാല്‍സംഗം, ഭീഷണിപ്പെടുത്തി പണംതട്ടല്‍, കൊലപാതകശ്രമം തുടങ്ങി അതിഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരോ വിചാരണത്തടവില്‍ കഴിയുന്നവരോ ആണ് കാണാതായ നാലുപേരും. റഫീഖ് ബക്രി, ബന്‍വര്‍ ലാല്‍, അങ്കിത് ബന്‍സല്‍, കരണ്‍ ഗുപ്ത എന്നിവരെ ജയില്‍ ഉദ്യോഗസ്ഥര്‍ ജയില്‍ വാഹനത്തില്‍ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അഞ്ചുപേരില്‍ ഒരാളെ മാത്രമേ ആശുപത്രിയില്‍ കണ്ടെത്താനായുള്ളു. മറ്റ് നാലുപേരെയും തിരഞ്ഞുപോയ പൊലീസുകാര്‍ എത്തിയത് നഗരത്തിലെ മുന്തിയ നക്ഷത്ര ഹോട്ടലുകളില്‍!

റഫീഖിനെയും ബന്‍വര്‍ലാലിനെയും പിടികൂടുമ്പോള്‍ അവരുടെ മുറികളില്‍ ഓരോ സ്ത്രീകളുണ്ടായിരുന്നു. റഫീഖിനൊപ്പം ഭാര്യയും ബന്‍വര്‍ലാലിനൊപ്പം അയാളുടെ കാമുകിയും. റഫീഖിന്‍റെ ഭാര്യ അവരുടെ പേരില്‍ത്തന്നെയാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നത്. അങ്കിതിനെയും കരണ്‍ ഗുപ്തയെയും എയര്‍പോര്‍ട്ടിനടുത്തുള്ള ഹോട്ടലില്‍ നിന്നാണ് പിടികൂടിയത്. അങ്കിതിന്‍റെ കാമുകിയാണ് ഇവിടെ മുറി ബുക്ക് ചെയ്തത്. എല്ലാവരും വളരെ നേരത്തേ അറിഞ്ഞ്, ആസൂത്രണം ചെയ്ത പരിപാടിയായിരുന്നുവെന്ന് ചുരുക്കം. 

ജയ്പൂര്‍ ഈസ്റ്റ് ഡപ്യൂട്ടി കമ്മിഷണര്‍ തേജസ്വിനി ഗൗതമിന്‍റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കുറ്റവാളികളെ കയ്യോടെ പൊക്കിയത്. പൊലീസ് എത്തുമ്പോള്‍ റഫീഖിന്‍റെ ഭാര്യയുടെ കയ്യില്‍ വലിയ അളവില്‍ ലഹരിമരുന്ന് ഉണ്ടായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു തടവുകാരന്‍റെ ബന്ധുവില്‍ നിന്ന് 45000 രൂപയും പിടിച്ചെടുത്തു. ജയ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒട്ടേറെ തടവുകാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. നാല് തടവുകാരെയും അവര്‍ക്ക് അകമ്പടി പോയ 5 പൊലീസുകാരെയും തടവുകാരുടെ ബന്ധുക്കളും സഹായികളും ഉള്‍പ്പെടെ 13 പേരെ അറസ്റ്റ് ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പിടിയിലായ തടവുകാരെ ചോദ്യം ചെയ്തപ്പോള്‍ പൊലീസ് പോലും നടുങ്ങി. ജയ്പൂര്‍ സെന്‍ട്രല്‍ ജയിലിലും സംസ്ഥാനത്തെ മറ്റ് പ്രധാനജയിലുകളും കേന്ദ്രീകരിച്ച് നടക്കുന്ന വലിയ മാഫിയ പ്രവര്‍ത്തനങ്ങളുടെയും കൊടിയ അഴിമതിയുടെയും വിവരങ്ങളാണ് ഒരുമടിയും കൂടാതെ പ്രതികള്‍ വെളിപ്പെടുത്തിയത്. ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒരു കുപ്രസിദ്ധ കുറ്റവാളിയാണ് ഈ മാഫിയയുടെ കേന്ദ്രബിന്ദു. അയാള്‍ക്ക് ജയിലിനുള്ളിലും പുറത്തും സഹായികള്‍ ഉണ്ട്. ഇവരുടെ സഹായത്തോടെയാണ് ഞായറാഴ്ച പിടിയിലായ നാലുപേരും സുഖവാസത്തിന് പോയത്.

അകമ്പടി പോയ ജയില്‍ ജീവനക്കാര്‍ക്ക് 5000 രൂപ വീതം നല്‍കി. ഇടനിലക്കാരന് 25000 രൂപ. ജയിലിലെ ഡോക്ടറെ കാണേണ്ടതുപോലെ കണ്ടപ്പോള്‍ അസുഖമാണെന്നും പുറത്ത് ആശുപത്രിയില്‍ കൊണ്ടുപോയി വിദഗ്ധചികില്‍സ നല്‍കണമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. ഇവര്‍ക്കുപുറമേ ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശയും ഈ ഇടപാടുകള്‍ക്കുണ്ട്. കാര്യങ്ങളറിയാവുന്ന മറ്റ് ജീവനക്കാരോ തടവുകാരോ പേടികാരണം ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യും. 

സുഖവാസത്തിനുപോയ നാലുപേരെയും ബന്ധുക്കളെയും ഒത്താശ ചെയ്ത പൊലീസുകാരെയും ജയില്‍ ജീവനക്കാരെയും പ്രതികളാക്കി സവായ് മാന്‍ സിങ് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഒരുമാസത്തിനിടെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായ ഗുരുതര സുരക്ഷാവീഴ്ചകളില്‍ ഒടുവിലത്തേതാണിത്. ജയിലില്‍ നിന്ന് കുറ്റവാളികള്‍ മൊബൈല്‍ ഫോണില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയെ നേരിട്ടുവിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തോടെയാണ് പൊലീസ് ജയിലിലെ അവസ്ഥ ഗൗരവമായെടുത്തത്. ഏപ്രില്‍ മുതല്‍ ഇരുനൂറോളം ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചും വിവരങ്ങള്‍ ശേഖരിച്ചും നടത്തിയ വിശദമായ നീക്കങ്ങള്‍ക്കൊടുവിലാണ് ജയില്‍ മാഫിയയുടെ ഒരു കണ്ണി പൊളിക്കാനായത്.