റോഡിലൂടെ നടക്കുമ്പോൾ മരം തലയിൽ വീണു; കോഴിക്കോട്ടുനിന്ന് ഊട്ടിയിലേക്ക് കുടുംബത്തോടൊപ്പം ടൂർ പോയ 15കാരന് ദാരുണാന്ത്യം

0
510

കോഴിക്കോട്: കോഴിക്കോടുനിന്ന് ഊട്ടിയിൽ വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിലെ വിദ്യാർഥി മരം വീണ് മരിച്ചു. കുറ്റ്യാടി മൊകേരി കോവുക്കുന്നിലെ ഒന്തംപറമ്പത്ത് പ്രസീദിന്റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്. വട്ടോളി സംസ്കൃതം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. അച്ഛൻ പ്രസീദ് കൺസ്യൂമർ ഫെഡിൽ നീതി മെഡിക്കൽസ് വെയർഹൗസ് മാനേജറാണ്. 

ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിലെ വിനോദസ‍ഞ്ചാരകേന്ദ്രത്തിലാണ് അപകടമുണ്ടായത്. കോഴിക്കോട്ടുനിന്നു പതിനാലു പേരടങ്ങിയ സംഘമാണ് ഊട്ടിയിൽ എത്തിയത്. ഏറെ മരങ്ങളുള്ള സ്ഥലമായ ഗൂഡല്ലൂരിലേക്കുള്ള റോഡിലൂടെ നടക്കുമ്പോൾ ആദിദേവിന്‍റെ തലയിൽ മരം വീഴുകയായിരുന്നു.

ആദിദേവ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഊട്ടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.