വിദ്യാർഥിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

0
12

പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ അർജുൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി.

ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണ വിധേയമായി നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്കൂൾ മാനേജർക്ക് നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അർജുൻ്റെ മരണത്തിന് പിന്നാലെ പ്രധാന അധ്യാപിക ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവരെ മാനേജ്മെൻ്റ് സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർഥി പ്രതിഷേധം കടുത്തതോടെയാണ് മാനേജ്മെൻ്റ് ഈ നടപടി സ്വീകരിച്ചത്. എന്നാൽ സസ്പെൻഷൻ നടപടി അംഗീകരിക്കില്ലെന്നാണ് വിദ്യർഥികളുടെ പക്ഷം. അർജുൻ്റെ മരണത്തിന് പിന്നിൽ ക്ലാസ് ടീച്ചറാണെന്നും ഇവർ രാജിവയ്ക്കണമെന്നുമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.

അധ്യാപിക ക്ലാസിൽ വച്ച് അർജുനെ മാനസികമായി തളർത്തുന്ന രീതിയിൽ സംസാരിച്ചെന്നാണ് വിദ്യാർഥികൾ പറയുന്നത്. സാധാരണഗതിയിൽ പരിഹരിക്കാവുന്ന വിഷയം വലിയ പ്രശ്നമാക്കി. ടീച്ചർ അടിച്ചിട്ടുണ്ടെന്നും ഒരു വിദ്യാർഥിക്കും താങ്ങാൻ കഴിയാത്ത സംസാരമാണ് ടീച്ചറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. ഒന്നര വർഷത്തോളം ജയിലിൽ കിടക്കുമെന്ന് ടീച്ചർ അർജുനോട് പറഞ്ഞിരുന്നു എന്നും വിദ്യാർഥികൾ വെളിപ്പെടുത്തി.

എന്നാൽ, ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ് സ്കൂൾ അധികൃതർ. സാധാരണ രീതിയിൽ മാത്രമാണ് സംസാരിച്ചത് എന്നും, ഇൻസ്റ്റഗ്രാമിൽ ചാറ്റിങ് കണ്ടതിന് പിന്നാലെ എല്ലാ കുട്ടികൾക്കും ബോധവത്കരണം നടത്താനാണ് ശ്രമിച്ചതെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സൈബർ സെൽ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും പ്രധാനധ്യാപിക പറയുന്നു. ഇതിന് പുറമെ കുട്ടിക്ക് വീട്ടിലും ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നെന്നും അധ്യാപിക പറയുന്നുണ്ട്.