മാൻഹോളിൽ വീണ മലയാളി നഴ്സ് മരിച്ചു

0
1041

സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ മസ്‌യൂനയിൽ മാൻഹോളിൽ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാർ (34) ആണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

മേയ് 15നാണ് സലാലയിൽ നിന്ന് 200 കിലോമീറ്റർ അകലെ മസ്‌യൂനയിൽ ലക്ഷ്മി അപകടത്തിൽ പെട്ടത്. ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. താമസസ്ഥലത്ത് നിന്ന് മാലിന്യം കളയാനായി പോകുമ്പോൾ കാൽതെറ്റി മാൻഹോളിൽ വീഴുകയായിരുന്നു.

ഉടൻതന്നെ മസ്‌യൂനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ പിന്നീട് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വിവരമറിഞ്ഞ് ഭർത്താവും കുട്ടിയും സലാലയിൽ എത്തിയിട്ടുണ്ട്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.