കോഴിക്കോട്: മാവൂർ പൈപ്പ് ലൈൻ ജംഗ്ഷന് സമീപമുള്ള ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന് മുകളിൽ ഭീമൻ മതിൽ ഇടിഞ്ഞുവീണ് അപകടം. ശക്തമായ മഴയെ തുടർന്ന് 15 മീറ്റർ ഉയരമുള്ള മതിൽ തകർന്നതാണ് ദുരന്തത്തിന് കാരണമായത്. കണ്ണിപറമ്പ് സ്വദേശി ഈന്തുംകണ്ടി മേത്തൽ രജീഷിന്റെ ബലേനോ കാർ പൂർണമായും തകർന്നു. വിവാഹ സൽക്കാരത്തിനായി കുടുംബത്തോടൊപ്പം ഓഡിറ്റോറിയത്തിലെത്തിയ രജീഷും കുടുംബവും അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം. ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയ ശേഷം രജീഷും കുടുംബവും ഓഡിറ്റോറിയത്തിലേക്ക് പോയി. മിനിറ്റുകൾക്കകം പാർക്കിംഗ് ഏരിയയോട് ചേർന്നുള്ള കൂറ്റൻ മതിൽ ശക്തമായ മഴയിൽ തകർന്നുവീഴുകയായിരുന്നു. മതിലിനോടൊപ്പം വലിയ കല്ലുകളും കാറിന് മുകളിൽ പതിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും ഞെരിഞ്ഞമർന്നു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. മതിലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഓഡിറ്റോറിയത്തിന്റെ മതിൽ നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്





